തെലങ്കാന: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യനുമായി (എൻഐഎൻ) ചേർന്ന് ഹൈദരാബാദിലെ അഞ്ച് കണ്ടയിൻമെന്‍റ് സോണുകളിൽ റാൻഡം സർവേ ആരംഭിച്ചു. പ്രദേശത്ത് കൊവിഡ് വൈറസ് അണുബാധയുടെ വ്യാപനത്തെ കുറിച്ച് മനസ്സിലാക്കാനാണ് സർവേ ആരംഭിച്ചത്. സംസ്ഥാന സർക്കാരിന്‍റെ സഹായത്തോടെ ഐസിഎംആർ, എൻഐഎൻ ടീമുകൾ ശനിയാഴ്ചയും ഞായറാഴ്ചയും 100 സാമ്പിളുകൾ ശേഖരിക്കും. ആരോഗ്യവകുപ്പ്, ജില്ലാ ഭരണകൂടം, ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ, ആശാ പ്രവർത്തകർ, പൊലീസ് എന്നിവരുടെ സഹായത്തോടെ ടീമുകൾ മിയാപൂർ, തപ്പച്ചാബുത്ര, അഡിബത്‌ല, ചന്ദൻഗർ, ബാലാപൂർ മേഖലകളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കും. റാൻഡം സർവേ പ്രകാരം ഓരോ കണ്ടയിൻമെന്‍റ് സോണിൽ നിന്നും 100 സാമ്പിളുകൾ ശേഖരിക്കും. കൊവിഡ് -19 ന്‍റെ വ്യാപനം അറിയുന്നതിനായി ഐസിഎംആർ രാജ്യത്തെ 13 ഹോട്ട് സ്‌പോട്ട് നഗരങ്ങളെ റാൻഡം സർവേയ്ക്കായി തിരഞ്ഞെടുത്തു. ഹോട്ട് സ്‌പോട്ട് നഗരങ്ങളിലൊന്നാണ് ഹൈദരാബാദ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമ്പിളുകൾ ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ചിലേക്ക് അയയ്ക്കും. രണ്ടാഴ്ചക്കുള്ളിൽ ഇതിന്‍റെ ഫലം ലഭ്യമാകും.
റാൻഡം സർവേയ്ക്കായി ഐസിഎംആർ-എൻഐഎന്നിൽ നിന്നുള്ള 10 ടീമുകളും അഞ്ച് കോർഡിനേറ്റർമാരും സംസ്ഥാന ആരോഗ്യ അധികൃതർ, ഹൈദരാബാദ്, രംഗറെഡ്ഡി ജില്ലാ ഭരണകൂടങ്ങൾ, ജിഎച്ച്എംസി, ജില്ലാ മെഡിക്കൽ ഉദ്യോഗസ്ഥർ എന്നിവരുടെ പിന്തുണയുണ്ട്. നഗരവാസികളിൽ കൊവിഡ് -19 നിരീക്ഷിക്കുന്നതിനാണ് റാൻഡം സർവേ ലക്ഷ്യമിടുന്നതെന്ന് എൻഐഎൻ ഡയറക്ടർ ആർ. ഹേമലത പറഞ്ഞു. ഐസിഎംആറിന്‍റെ ജില്ലാതല സീറോ നിരീക്ഷണ സർവേയുടെ ഭാഗമാണിത്. ജംഗാവോൺ, കമറെഡി, നൽഗൊണ്ട എന്നിവിടങ്ങളിൽ നിന്ന് ആദ്യ ഘട്ടത്തിൽ വിശകലനത്തിനായി 1200 സാമ്പിളുകൾ ശേഖരിച്ചു. ഇതിന്‍റെ ഫലം കാത്തിരിക്കുകയാണ്. ആദ്യ ഘട്ടത്തിൽ, തെലങ്കാനയിലെ മൂന്ന് ജില്ലകൾ ഉൾപ്പെടെ രാജ്യത്തൊട്ടാകെയുള്ള 21 സംസ്ഥാനങ്ങളിലായി 69 ജില്ലകളെ ഐസിഎംആർ ഉൾപ്പെടുത്തി.