അമരാവതി: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് പ്രസവാവധി ഉപേക്ഷിച്ച് ഐഎഎസ് ഉദ്യോഗസ്ഥ ജോലിയിൽ പ്രവേശിച്ചു. വിശാഖപട്ടണം മുൻസിപ്പൽ കമ്മീഷണറായ ശ്രിജന ഗുമ്മല്ലയാണ് ആറ് മാസത്തെ പ്രസവാവധി ഉപേക്ഷിച്ച് തിരികെ ജോലിയിൽ പ്രവേശിച്ചത്.
"അടിയന്തര ഘട്ടങ്ങളിൽ ജോലി ചെയ്യുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ഈ സമയത്തെ സേവനം എത്രത്തോളം ആവശ്യമാണെന്നും നന്നായി അറിയാം. എല്ലാവരും കരുത്തോടെ ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. എന്‍റെ തീരുമാനം ഏറെ പ്രയാസകരമായിരിക്കും. എന്നാലും എന്‍റെ സേവനത്തിലൂടെ ഒരു വ്യക്തിക്ക് ലഭിക്കുന്ന സഹായം പോലും വിലമതിക്കുന്നതാണ്. എന്‍റെ തീരുമാനത്തെ പിന്തുണച്ച കുടുംബത്തിന് നന്ദി അറിയിക്കുന്നു." ശ്രിജന ഗുമ്മല്ല പറഞ്ഞു. ആന്ധ്രാപ്രദേശിൽ ഇതുവരെ 381 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആറ് മരണം റിപ്പോർട്ട് ചെയ്‌തു.