മുംബൈ: 2016 ലെ നോട്ട് നിരോധത്തിന് ശേഷം ഇന്ത്യൻ വ്യോമസേന 625 ടൺ പുതിയ കറൻസി നോട്ടുകൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചതായി മുൻ എയർ ചീഫ് മാർഷൽ ബി.എസ് ധനോവ പറഞ്ഞു. പഴയ 500, 1000 രൂപ നോട്ടുകൾ നീക്കം ചെയ്യാനുള്ള നടപടി 2016 നവംബർ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. നോട്ട് നിരോധം നടന്നപ്പോൾ ഐഎഎഫ് ഉദ്യോഗസ്ഥരാണ് കറൻസി വിവിധയിടങ്ങളിൽ എത്തിച്ചത്. എന്നാൽ എത്ര കോടിയാണ് നീക്കിയതെന്ന് അറിവില്ലെന്നും ധനോവ കൂട്ടിച്ചേർത്തു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെ ശനിയാഴ്‌ച സംഘടിപ്പിച്ച ടെക് ഫെസ്റ്റ് പരിപാടിയിയിൽ പങ്കെടുക്കവേയാണ് ധനോവ വിവരങ്ങൾ പങ്കുവച്ചത്.
2016 ഡിസംബർ 31 മുതൽ 2019 സെപ്‌തംബര്‍ 30 വരെ ധാനോവ വ്യോമസേനാ മേധാവിയായിരുന്നു. ടെക്ഫെസ്റ്റ് പരിപാടിയിൽ റാഫേൽ ഇടപാടിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇത്തരം വിവാദങ്ങൾ പ്രതിരോധ മന്ത്രാലയത്തിന്‍റെ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുന്നുവെന്നും ഇത് സായുധ സേനയുടെ കഴിവുകളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് ബോഫോഴ്‌സ് ഇടപാടിൽ വിവാദമുണ്ടായി. കഴിഞ്ഞ വർഷത്തെ ബാലകോട്ട് ആക്രമണത്തിൽ വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ മിഗ് 21 ന് പകരം റാഫേൽ ഉപയോഗിച്ചിരുന്നെങ്കിൽ ഫലം വ്യത്യസ്‌തമാകുമായിരുന്നുവെന്നും ധനോവ പറഞ്ഞു.