ബംഗളൂരു: കര്‍ണാടകയില്‍ വേനൽക്കാലത്ത് ഉണ്ടാകുന്ന കാട്ടുതീ ചോപ്പറുകളുടെ സഹായത്തോടെ നിയന്ത്രണ വിധേയമാക്കാന്‍ കഴിയുമെന്ന് സംസ്ഥാന വനം മന്ത്രി ആനന്ദ് സിംഗ് പറഞ്ഞു. വലിയ തീപിടിത്തമുണ്ടായാല്‍ വ്യോമസേനയുടെ ഒരു ഹെലികോപ്ടര്‍ കൂടി ഉപയോഗിക്കാം.
എല്ലാ വേനൽക്കാലത്തും വനം വകുപ്പ് വ്യോമസേനയുമായി ഏകോപിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ കാര്യത്തില്‍ വിഷമിക്കേണ്ടതില്ലെന്നും സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് വ്യോമസേനാ വിഭാഗം ഉറപ്പ് നല്‍കിയിട്ടുള്ളതായും ആനന്ദ് സിംഗ് പറഞ്ഞു.
ലോക്ക്‌ഡൗണ്‍ സമയത്ത് കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ രണ്ടായിരത്തോളം കാട്ടുതീ ഉണ്ടായെന്ന് ആനന്ദ് സിംഗ് പറഞ്ഞു. വേനല്‍ക്കാലത്ത് ഇത് സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും വേഗതയേറിയ മികച്ച അഗ്നിശമന സംവിധാനം വനം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്‌റോ), ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ, കർണാടക സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റി തുടങ്ങിയവയുടെ സഹായവും സ്വീകരിച്ചിട്ടുണ്ട്.
ദേശീയ എയറോനോട്ടിക്സ് ആൻഡ് സ്പേസ് ഏജൻസി ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷണൽ റിമോട്ട് സെൻസിംഗ് ഏജൻസിക്ക് (എൻആർഎസ്‌എ) കാട്ടുതീ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നുണ്ട്. ഇതും പ്രയോജനപ്പെടുത്തുന്നുണ്ട്. മനുഷ്യനിർമിതമായതടക്കം നിരവധി കാരണങ്ങളാലാണ് കാട്ടുതീ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.