അംബാല: ഹരിയാനയിലെ അംബാലയിലെ ഇന്ത്യൻ വ്യോമതാവളത്തില്‍ റാഫേൽ ജെറ്റുകളുമായി പറന്നെത്തിയ പൈലറ്റുമാരെ ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ ചീഫ് മാർഷൽ ആർ.കെ.എസ് ഭദൗരിയ സ്വാഗതം ചെയ്തു. ഫ്രഞ്ച് കമ്പനിയായ ദാസോള്‍ട്ടില്‍ നിന്നും വാങ്ങുന്ന 36 റാഫേല്‍ വിമാനങ്ങളുടെ ആദ്യ ബാച്ചാണ് ഇന്ത്യയില്‍ എത്തിയത്. ഫ്രാന്‍സില്‍ നിന്നും 7000 കിലോമീറ്റര്‍ താണ്ടിയാണ് അഞ്ച് റാഫേല്‍ വിമാനങ്ങള്‍ അംബാലയില്‍ പറന്നിറങ്ങിയത്. കമാൻഡിങ് ഓഫീസർ ഗ്രൂപ്പ് ക്യാപ്റ്റൻ ഹർക്കിരത് സിംഗിന്‍റെ നേതൃത്വത്തിലുള്ള 17 ഗോൾഡൻ ആരോസിന്‍റെ പൈലറ്റുമാരും വിങ് കമാൻഡർമാരായ എം.കെ സിംഗ്, ആർ.കറ്റാരിയ, സിന്ധു, അരുൺ എന്നിവരുമാണ് അഞ്ച് ജെറ്റുകൾ പറത്തിയത്. പറന്നിറങ്ങിയ റാഫേല്‍ വിമാനങ്ങള്‍ക്ക് വ്യോമസേനതാവളത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കി. വിമാനങ്ങള്‍ ഉടന്‍ തന്നെ മറ്റൊരു സ്ഥലത്തേക്ക് മാറ്റും.
ഇന്ത്യയിലേക്ക് പറക്കുന്നതിന് ഇടയില്‍ യുഎഇയില്‍ മാത്രമാണ് വിമാനം ഇറങ്ങിയത്. 30000 അടി ഉയരത്തില്‍ ആകാശത്ത് വെച്ച് റഫേല്‍ വിമാനത്തില്‍ ഇന്ധനം നിറക്കുന്ന ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. മാര്‍ഗമധ്യേ ഇന്ധനം നിറക്കുന്ന ചിത്രങ്ങളാണ് ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തത്. ഫ്രഞ്ച് എയ്‌റോസ്‌പേസ് കമ്പനിയായ ദാസോൾട്ടില്‍ നിന്നും 36 റാഫേൽ ജെറ്റുകൾ വാങ്ങുന്നതിനായി 2016 സെപ്റ്റംബർ 23 ന് ഇന്ത്യ 59,000 കോടി രൂപയുടെ കരാർ ഒപ്പിട്ടിരുന്നു.