ഹൈദരാബാദ്: തെലങ്കാനയിലെ പഞ്ചഗുട്ട പോലീസ് സ്റ്റേഷന് മുമ്പില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. എസ്. ലോകേശ്വരി (37)യാണ് മരിച്ചത്.
ഇവരുടെ ജീവിത പങ്കാളിയായ പ്രവീൺ കുമാറിനെതിരെ വഞ്ചനാ കുറ്റത്തിന് പരാതി നൽകിയതിന് ശേഷം പഞ്ചഗുട്ട പോലീസ് സ്റ്റേഷന് മുന്നിൽ സ്വയം തീകൊളുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സംഭവം നടന്നയുടൻ യുവതിയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അറുപത് ശതമാനം പൊള്ളലേറ്റ യുവതി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സംഭവത്തെ തുടർന്ന് പ്രവീൺ കുമാറിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്തു.
ഭർത്താവിന്‍റെ മരണ ശേഷം ചെന്നൈ സ്വദേശിയായ ലോകേശ്വരി 2012 ലാണ് ഹൈദരാബാദിലെ ജ്വല്ലറി ഷോപ്പ് ജീവനകാരനായ പ്രവീൺ കുമാറുമായി പരിചയത്തിലാകുന്നത്. തുടർന്ന് ഇരുവരും ഹൈദരാബാദിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു. യുവതിക്ക് പ്രവീൺ കുമാർ ഇതേ ജ്വല്ലറിയിൽ ജോലി തരപ്പെടുത്തി. എന്നാൽ ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് 2014 ൽ സ്വര്‍ണം മോഷ്ടിച്ചെന്ന് ആരോപിച്ച് ലോകേശ്വരിയെ പ്രവീണ്‍ കേസില്‍ കുടുക്കി ജയിലിലാക്കിയിരുന്നു. നിരപരാധിയാണെന്ന് തെളിഞ്ഞതോടെ കോടതി ലോകേശ്വരിയെ വെറുതെ വിട്ടു. ഒരുമിച്ച് താമസിച്ചതിന് 7.50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാമെന്ന് പ്രവീൺ വാഗ്‌ദാനം ചെയ്തു.
പിന്നീട് ചെന്നൈയിലേക്ക് താമസം മാറി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന യുവതി പ്രവീണിൽ നിന്ന് പൈസ വാങ്ങുന്നതിനായി വെള്ളിയാഴ്ച സുഹൃത്ത് കണ്ണനൊപ്പം ഹൈദരാബാദിലെത്തി. എന്നാൽ പ്രവീണുമായി യുവതിക്ക് ബന്ധപ്പെടാൻ സാധിച്ചില്ല. തുടർന്ന് പഞ്ചഗുട്ട പൊലീസ് സ്റ്റേഷനിലെത്തി പ്രവീണ്‍ പൈസ തരാനുണ്ടെന്ന് കാണിച്ച് പരാതി എഴുതി നല്‍കിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.