ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ന്യൂഡൽഹിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയ , അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി എന്നീ കോളജുകളിലെ വിദ്യാർഥികളുടെ പ്രതിഷേധത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മൗലാന ആസാദ് ദേശീയ ഉറുദു സർവകലാശാല.
ജാമിയ വിദ്യാർഥികളും പൊലീസും തമ്മിൽ ക്യാമ്പസിന് പുറത്ത് നടക്കുന്ന ഏറ്റുമുട്ടലിനെതിരെ "ഡൽഹി പൊലീസ് മുർദാബാദ്" എന്നതടക്കമുള്ള പ്ലക്കാർഡുകൾ വഹിച്ചാണ് പ്രതിഷേധം. "ആസാദി" മുദ്രാവാക്യങ്ങളും വിദ്യാർഥികൾ ഉയർത്തുന്നുണ്ട്. ഈ പ്രതിഷേധത്തിലൂടെ ജാമിയ മില്ലിയ ഇസ്‌ലാമിയ, അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, അസമിലെയും രാജ്യത്തെ മറ്റ് പ്രദേശങ്ങളിലെയും പ്രതിഷേധക്കാർ എന്നിവരോട് ഐക്യദാർഡ്യം പ്രകടിപ്പിക്കുകയാണെന്ന് മൗലാന ആസാദ് ദേശീയ ഉറുദു സർവകലാശാല സ്റ്റുഡന്‍റ് യൂണിയൻ മുൻ പ്രസിഡന്‍റ് പറഞ്ഞു. ജനാധിപത്യവിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.