ഹൈദരാബാദ്: കൊവിഡ് ഭേദമായ 63കാരന്‍റെ കൊറോണറി ട്രിപ്പിൾ ബൈപാസ് ശസ്ത്രക്രിയ വിജയകരം. ഹൈദരാബാദ് ബഞ്ചാര ഹിൽസിലെ കെയർ ഹോസ്പിറ്റലിലെ കാർഡിയാക് സർജറി ഡയറക്ടറും ചീഫ് കാർഡിയാക് സർജനുമായ ഡോ. പ്രതീക് ഭട്നഗറാണ് ഇക്കാര്യം അറിയിച്ചത്.
കൊറോണറി ആർട്ടറി രോഗമുള്ള അഫ്സർ ഖാൻ ഒരു വർഷത്തോളമായി നെഞ്ചുവേദന അനുഭവിക്കുന്നു. 2019 നവംബറിൽ സിടി കൊറോണറി ആൻജിയോഗ്രാഫിയിൽ ഹൃദയത്തിന്‍റെ മൂന്ന് ധമനികളിലും ബ്ലോക്കുകൾ കണ്ടെത്തിയിരുന്നു. ഏപ്രിൽ ആദ്യമാണ് കൊവിഡ് ബാധിച്ച് ഇദ്ദേഹത്തെ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് ശേഷം ഏപ്രിൽ അവസാനം അദ്ദേഹം സുഖം പ്രാപിച്ചു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം ഹൃദയ സംബന്ധമായ രോഗങ്ങൾ വർധിക്കുകയായിരുന്നു. നെഞ്ചുവേദന വർധിച്ചതോടെ ജൂണിലാണ് കൊറോണറി ആൻജിയോഗ്രാഫിക്ക് വിധേയനായത്. ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.