മുംബൈ : ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നത് രാജ്യത്തിന് ആശ്വാസമാകുന്നു. ഏഴ് ലക്ഷത്തിലധികം ജനസംഖ്യയുള്ള ധാരവി ചേരിയിൽ ആദ്യത്തെ കൊവിഡ് 19 കേസ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ഇവിടം ഒരു ഹോട്ട് സ്പോട്ട് ആകാമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകിയിരുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ കേസുകൾ പലമടങ്ങ് വർദ്ധിച്ചുവെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ കേസുകൾ വളരെ കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഏറ്റവും വലിയ കൊവിഡ് ഹോട്ട്‌സ്പോട്ടിൽ നിന്ന് തിരക്കേറിയ നഗരങ്ങൾക്കും കൊവിഡിനെ പിടിച്ചുകെട്ടാൻ പാടുപെടുന്ന വികസ്വര രാജ്യങ്ങൾക്കും ഒരു മാതൃകയാവുകയാണ് ഇന്ന് ധാരാവി ചേരി. കഴിഞ്ഞ ആഴ്ചകഴിൽ ഇവിടെ 10 മുതൽ 15 കൊവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
കൊവിഡ് നിയന്ത്രണം അസാധ്യമാണെന്ന് കരുതിയ സമയത്താണ് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്‍റെ 'ചേസ് ദി വൈറസ്' എന്ന സമീപനത്തിലൂടെ കൊവിഡ് വ്യാപനത്തെ വരിധിയിൽ ആക്കിയത്. 'മിഷൻ ധാരവി' യാണ് ചേരിയിലെ കൊവിഡ് വ്യാപനത്തെ പിടിച്ചു കെട്ടാൻ സഹായിച്ചത്. ജനസാന്ദ്രത കൂടിയ പ്രദേശമായതിനാൽ ഇവിടെ സാമൂഹിക അകലം പാലിക്കുന്നത് സാധ്യമല്ലായിരുന്നു. അതിനാൽ പരിശോധന ശക്തമാക്കിയെന്നും കർശനമായ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ഏർപ്പെടുത്തിയെന്നും നോർത്ത് ഡിവിഷനിലെ അസിസ്റ്റന്‍റ് കമ്മീഷണറും ധാരവിയിൽ കൊവിഡ് വ്യാപനം തടയുന്നതിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനുമായ കിരൺ ദിഘവ്കർ പറഞ്ഞു.മുനിസിപ്പാലിറ്റിയുടെ വീടുതോറുമുള്ള പരിശോധനയും രണ്ട് കിലോമീറ്ററിലധികം വിസ്തൃതിയുള്ള വാസസ്ഥലങ്ങളിലെ ശുചീകരണവും ഫലപ്രദമായ ക്വാറന്‍റൈനും ധാരവിയിൽ കൊവിഡ് 19ന്‍റെ വ്യാപനത്തെ തടഞ്ഞെന്നും അദേഹം പറഞ്ഞു.
200 ഡോക്ടർമാർ, 300 നഴ്‌സുമാർ, 40 എഞ്ചിനീയർമാർ, 300 ജീവനക്കാർ, 3600 തൊഴിലാളികൾ എന്നിവരടങ്ങുന്ന ഒരു പ്രത്യേക സംഘംമാണ് ഈ വലിയ പോരാട്ടത്തിന് നേത്യത്വം നൽകിയത്. സംശയിക്കപ്പെടുന്ന രോഗികളെ വീടുകൾ തോറും സ്‌ക്രീനിംഗ് നടത്തി. കൊവിഡ് പോസിറ്റീവായി കണ്ടെത്തുന്നവരെ ആശുപത്രികളിലേക്ക് മാറ്റി. അവരുമായി സമ്പർക്കം പുലർത്തിയവരെ ക്വാറന്‍റൈൻ ചെയ്തു. കൂടാതെ ക്വാറന്‍റൈ കേന്ദ്രങ്ങളിൽ സംഘം കിടക്കകൾ സ്ഥാപിച്ചു. ഇതിനുപുറമെ, ധാരവിയിലെ അണുബാധിത മേഖലയിലെ ജനങ്ങൾക്ക് തയ്യാറാക്കിയ ഭക്ഷണം, പലചരക്ക്, മരുന്നുകൾ എന്നിവ നൽകുകയും ചെയ്തു. ഇതുവരെ മൂന്ന് ലക്ഷത്തിലധികം ഭക്ഷണ പാക്കറ്റുകളും 20,000 പാക്കറ്റ് പലചരക്ക് സാധനങ്ങളും വിതരണം ചെയ്തിട്ടുണ്ട്,
ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം 1.5 ലക്ഷം പേർ പ്രാഥമിക വൈദ്യപരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. ഇതിൽ 2,070 പേർക്ക് രോഗം സ്ഥിരീകരിച്ചു. മുൻകൂട്ടിയുള്ള പരിശോധനയും സമയബന്ധിതമായ കണ്ടെത്തലും മാരകമായ വൈറസ് പടരുന്നത് തടയാൻ സാധിച്ചു.ഈ വലിയ ദൗത്യത്തിൽ ഇതുവരെ 82,000 ത്തിലധികം ആളുകളെ അവരുടെ വീടുകളിലും ക്വാറന്‍റൈൻ കേന്ദ്രങ്ങളിലും നിരീക്ഷിച്ചു.ധാരവിയിൽ 4,500 ക്വാറന്‍റൈൻ കേന്ദ്രങ്ങളുണ്ട്. 2,070 കൊവിഡ് രോഗികൾ ചികിത്സയിലാണ്. ചേരിയിൽ 47,500 വീടുകളിലെ ജനങ്ങളുടെ താപനിലയും ഓക്സിജന്‍റെ അളവും പരിശോധിച്ചിട്ടുണ്ട്.