ശ്രീനഗർ: ഡോക്‌ടർമാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രി അടച്ചുപൂട്ടി. ശ്രീനഗറിലെ ജെആന്‍റ്‌കെ പൊലീസ് ഹോസ്‌പിറ്റലാണ് താൽകാലികമായി അടച്ചത്. വെള്ളിയാഴ്‌ചയാണ് ഒപിയിലുണ്ടായിരുന്ന രണ്ട് ദന്ത ഡോക്‌ടർമർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ആശുപത്രിയിലെ എല്ലാ ഡോക്‌ടർമാരുടെയും ജീവനക്കാരുടെയും പരിശോധന നടക്കുകയാണെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ബിലാൽ രാജ അറിയിച്ചു.
ഒപി വിഭാഗം പൂർണമായും അടച്ചു. എല്ലാവരുടെയും പരിശോധനാ ഫലം കിട്ടിയതിന് ശേഷം മാത്രം ആശുപത്രി വീണ്ടും തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബത്തിനും മാത്രമാണ് ആശുപത്രിയിൽ ചികിത്സ ലഭിക്കുന്നത്. എന്നാൽ പൊലീസുകാർക്കിടയിൽ രോഗം വ്യാപിച്ചതിനെ തുടർന്ന് നിരവധി രോഗികളാണ് ദിനംപ്രതി ആശുപത്രിയിലെത്തുന്നത്. ജമ്മു കശ്‌മീരിൽ 3324 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2202 പേർ ചികിത്സയിൽ തുടരുമ്പോൾ 1086 പേർ രോഗമുക്തി നേടി. 36 പേർ മരിച്ചു.