ന്യൂഡൽഹി: ജമ്മു കശ്മീരിന്‍റെ എല്ലാ ഭാഗങ്ങളും റെയിൽവേയുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിൽ നടക്കുന്നുണ്ടെന്നും കത്ര-ബനിഹാൽ റെയിൽ ലിങ്ക് പദ്ധതി 2022 ഡിസംബറോടെ പൂർത്തിയാക്കുമെന്നും റെയിൽവേ ബോർഡ് ചെയർമാൻ വി. കെ. യാദവ് പറഞ്ഞു. ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു പദ്ധതിയാണ്. അവസാന ഘട്ടത്തിൽ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ട്. കാരണം ധാരാളം തുരങ്കങ്ങളും പാലങ്ങളും നിർമിക്കേണ്ടതുണ്ട്. കത്ര മുതൽ ബനിഹാൽ വരെയുള്ള 111 കിലോമീറ്റർ ദൂരെയുള്ള പണി പുരോഗമിക്കുകയാണെന്നും പദ്ധതി 2022 ഡിസംബറോടെ പൂർത്തീകരിക്കുമെന്നും യാദവ് പറഞ്ഞു.
ചെറുതും വലുതുമായ 37 പാലങ്ങളിൽ 20ലധികം പാലങ്ങളുടെ നിർമാണങ്ങൾ റെയിൽവേ പൂർത്തിയാക്കി. റെയിൽ ലിങ്ക് പദ്ധതിയുടെ ഭാഗമായി റെയിൽവേ ചെനാബ് നദിയിൽ പാലം നിർമിക്കുന്നുണ്ട്. കൂടാതെ, ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേ റെയിൽ പാലമായ അഞ്ജി ബ്രിഡ്‌ജും ഭാരം, ശക്തമായ കൊടുങ്കാറ്റ് എന്നിവ കൈകാര്യം ചെയ്യാനുതകുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. നിർമാണ സ്ഥലങ്ങളിലേക്ക് ട്രക്കുകളും മറ്റ് ഉപകരണങ്ങളും കൊണ്ടുപോകുന്നതിനായി 250 കിലോമീറ്ററിലധികം റോഡ് ഈ പ്രദേശത്ത് നിർമിച്ചിട്ടുണ്ട്. പദ്ധതി പൂർത്തിയായ ശേഷം റോഡ് പ്രാദേശിക അതോറിറ്റിക്ക് കൈമാറും.