മംഗളൂരു: ഫേസ്‌ബുക്ക് വഴി ഹണി ട്രാപ്പൊരുക്കി പണം തട്ടിയ നാല് പേര്‍ മംഗളൂരില്‍ അറസ്റ്റിലായി. അറസ്റ്റിലായവരില്‍ രണ്ട് സ്‌ത്രീകളും ഉള്‍പ്പെടുന്നു. സൂറത്‌കല്‍ സ്വദേശികളായ രേഷ്‌മ ഏലിയാസ് നീമ, സീനത്ത് ഏലിയാസ് ജീനത്ത് മൂബീന്‍ ഇവരുടെ ഭര്‍ത്താക്കന്‍മാരായ ഇഖ്‌ബാല്‍ മുഹമ്മദ് ഏലിയാസ് ഇഖ്ബാല്‍, നസീഫ് ഏലിയാസ് അബ്‌ദുള്‍ ഖദീര്‍ നജീബ് എന്നിവരാണ് അറസ്റ്റിലായതെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ശശി കുമാര്‍ പറഞ്ഞു. ഫേസ്‌ബുക്ക് വഴിയാണ് രേഷ്‌മയും സീനത്തും ആളുകളെ കെണിയില്‍പ്പെടുത്തിയിരുന്നത്. തുടര്‍ന്ന് ഇരകളെ വീട്ടില്‍ വിളിച്ചു വരുത്തി കൊള്ളയടിക്കുകയാണ് ഇവരുടെ രീതി.
കുമ്പള സ്വദേശിയായ യുവാവിനെ ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട സീനത്ത് ഇയാളെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ യുവാവിനെ സംഘം മര്‍ദിച്ച് യുവാവിന്‍റെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്‌തു. യുവാവ് മുപ്പതിനായിരം രൂപ ആദ്യം തരാമെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് സൂറത്ത്കല്‍ പൊലീസില്‍ പരാതി നല്‍കി.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഘം ഹണി ട്രാപ്പിലൂടെ ഇതിനകം ആറ് പേരില്‍ നിന്നും പണം തട്ടിയതായി വ്യക്തമായി. കേരളത്തില്‍ നിന്നുള്ളവരാണ് തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും. ഹണി ട്രാപ്പ് വഴി കിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു സംഘം. സീനത്തില്‍ നിന്ന് നാല് ക്രെഡിറ്റ് കാര്‍ഡും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.