ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ റിയാസ് നായികൂ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഹിസ്ബുൾ മുജാഹിദീന്‍റെ ടോപ് കമാൻഡറായ റിയാസ് നായികൂവിന്‍റെ സ്വദേശമായ ബെയ്‌ഗ്‌പോറ ഗ്രാമത്തില്‍ വെച്ചാണ് ഇയാൾ കൊല്ലപ്പെട്ടത്. അതേസമയം ഉദ്യോഗസ്ഥർ ഇതുവരെ വിവരം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ചൊവ്വാഴ്‌ച അര്‍ധരാത്രി സുരക്ഷ സേനയും തീവ്രവാദികളും തമ്മില്‍ ആരംഭിച്ച ഏറ്റുമുട്ടലില്‍ നായികൂ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകൾ. ഇയാൾ ബെയ്‌ഗ്‌പോറയിലെ സ്വന്തം വീട് സന്ദർശിക്കാനെത്തിയിരുന്നു എന്നാണ് വിവരം.
ദേശീയ റൈഫിൾസ് (ആർആർ), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്), ലോക്കൽ പൊലീസിന്‍റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്‌ഒജി) എന്നിവര്‍ സംയുക്തമായാണ് ആക്രമണം നടത്തിയത്. ബെയ്‌ഗ്‌പോറയിലേക്കുള്ള എല്ലാ വഴികളും അടച്ചു. ജമ്മു കശ്‌മീരിലെ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങളും താല്‍കാലികമായി നിര്‍ത്തിവെച്ചു.
2016 ജൂലൈ എട്ടിന് അനന്ത്നാഗ് ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുൾ മുജാഹിദീന്‍റെ തലവനായ ബുർഹാൻ വാനി കൊല്ലപ്പെട്ടതിന് ശേഷമാണ് റിയാസ് നായികൂ ചുമതലയേറ്റത്.