ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിലും ഐസി 814 ഹൈജാക്കിംഗിലും ഉൾപ്പെട്ട ഹിസ്ബുൾ മുജാഹിദ്ദീൻ മേധാവി സയ്യിദ് സലാഹുദ്ദീൻ ഉൾപ്പെടെ 18 പേരെ കൂടി ആഭ്യന്തര മന്ത്രാലയം തീവ്രവാദികളായി പ്രഖ്യാപിച്ചു. ഒരു വ്യക്തിയെ തീവ്രവാദിയായി പ്രഖ്യാപിക്കുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തുന്നതിനായി 1967 ലെ നിയമവിരുദ്ധ പ്രവർത്തന നിയമം 2019 ഓഗസ്റ്റിൽ ഭേദഗതി ചെയ്‌തതായും എംഎച്ച്എ പ്രസ്‌താവനയിൽ പറഞ്ഞു. ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും തീവ്രവാദത്തിനെതിരെ പോരാടുന്ന നയത്തിനും പ്രതിജ്ഞാബദ്ധമാണെന്ന് സർക്കാർ വ്യക്തമാക്കി.
വിവിധ തീവ്രവാദ സംഘടനകളിൽ പ്രവർത്തിക്കുന്ന സയ്യിദ് മുഹമ്മദ് യൂസുഫ് ഷാ, സാജിദ് മിർ, യൂസഫ് മുസാമിൽ, അബ്‌ദുർ റഹ്‌മാൻ മക്കി, ഷാഹിദ് മെഹ്‌മൂദ്, ഫർഹത്തുല്ല ഘോറി, അബ്‌ദുൾ റൗഫ് അസ്‌ഗർ, യൂസഫ് അസ്ഹർ, ഷാഹിദ് ലത്തീഫ്, ഗുലാം നബി ഖാൻ, സഫർ ഹുസൈൻ ഭട്ട്, റിയാസ് ഇസ്‌മായിൽ ഷഹബന്ദ്രി, ഇക്ബാൽ ഭട്‌കൽ, ഛോട്ട ഷക്കീൽ, മുഹമ്മദ് അനിസ് ഷെയ്ഖ്, ഇബ്രാഹിം മേമൻ, ജാവേദ് ചിക്‌ന എന്നിവരെയാണ് തീവ്രവാദികളായി സർക്കാർ പ്രഖ്യാപിച്ചത്.