ഷിംല: ഹിമാചല്‍ ഗാനം പാടി മലയാളി പെണ്‍കുട്ടി ദേശീയ ശ്രദ്ധ ആകര്‍ഷിച്ചതിന് പിന്നാലെ കേരളത്തിന് അതേ രീതിയില്‍ സ്നേഹം നിറഞ്ഞൊരു മറുപടി എത്തിയിരിക്കുകയാണ്. തന്‍റെ മധുര ശബ്ദത്തില്‍ ''നിന്നെ കാണാന്‍ എന്നെക്കാളും ചന്തം തോന്നും'' എന്ന് തുടങ്ങുന്ന നാടോടിപ്പാട്ട് പാടി മലയാളികളുടെ മനം കവരുന്നത് സ്കൂള്‍ വിദ്യാര്‍ഥിയായ ദീക്ഷ ശര്‍മയാണ്. 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' പദ്ധതിയുടെ ഭാഗമായാണ് ദീക്ഷ മലയാള ഗാനം പഠിച്ചെടുത്തത്. ഈ കൊച്ചുമിടുക്കിയുടെ വീഡിയോ വൈറലായതിന് പിന്നാലെ കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ നിരവധി പേരാണ് ദീക്ഷയെ സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദിക്കുന്നത്. തങ്ങളുടെ വിദ്യാര്‍ഥി മലയാള ഗാനം പാടി പരിപാടിയില്‍ പങ്കെടുത്തതില്‍ അഭിമാനമുണ്ടെന്ന് സോളനിലെ ചംണ്ഡി സ്കൂള്‍ പറയുന്നു.
നേരത്തെ ഹിമാചല്‍ പഹാഡി നാടോടിഗാനമായ 'മായേനീ മേരീയേ' ആലപിച്ച ഒമ്പതാ ക്ലാസ് വിദ്യാര്‍ഥി എസ്.എസ് ദേവികയെ പ്രശംസിച്ച് പ്രധാനമന്ത്രിയും ഹിമാചല്‍ മുഖ്യമന്ത്രിയും ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ഇത്തരം ശ്രമത്തിലൂടെ ഭാവി തലമുറ രാജ്യത്തിന്‍റെ ഐക്യത്തേയും വൈവിധ്യത്തേയും സംസ്കാരത്തേയും സംരക്ഷിക്കുമെന്ന പ്രതീക്ഷ ഉയരുന്നതായി അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു.ലോക്ക് ഡൗണ്‍ കാലത്ത് കുട്ടികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാനും രാജ്യത്തിന്‍റെ സാംസ്കാരിക വിനിമയം ഉറപ്പുവരുത്താനുമാണ് 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' പദ്ധതി നടപ്പിലാക്കിയത്.