ഷിംല : ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ ലാഹൗൾ- സ്പിതി ജില്ലാ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സുംഡോ എന്ന പ്രദേശം സന്ദർശിച്ചു. ഈ പ്രദേശത്തെ ഇന്ത്യൻ എയർ സ്പെയ്സിൽ രണ്ടുതവണ ചൈനീസ് ചോപ്പറുകൾ പ്രവേശിച്ചു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
അതിർത്തി ജില്ലയിലെ സ്ഥിതിഗതികളെക്കുറിച്ച് ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), ഡോഗ്ര റെജിമെന്‍റ് ഉദ്യോഗസ്ഥർ, കൃഷിമന്ത്രി രാം ലാൽ മർക്കണ്ട, ജില്ലാ കലക്ടർ എന്നിവരുമായി താക്കൂർ ചർച്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാനാണ് മുഖ്യമന്ത്രി തീരുമാനം. രാജ്യ സുരക്ഷയുമായി ബന്ദപ്പെട്ട സന്ദർശനമാണിതെന്നും അതിർത്തി ജില്ലകളെ നിയന്ത്രിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി സംവദിച്ച് മുഖ്യമന്ത്രി താക്കൂർ സ്ഥിതിഗതികൾ വിശദീകരിക്കുമെന്നും കൃഷിമന്ത്രി രാം ലാൽ മർക്കണ്ട ഇടിവി ഭാരതത്തോട് പറഞ്ഞു. ചൈനീസ് ഹെലികോപ്റ്ററുകൾ ഏപ്രിൽ 11, 20 തീയതികളിൽ സുംഡോയിലെ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചതായാണ് റിപ്പോർട്ട്. ചൈനയുമായി ലാഹോൾ-സ്പിതി ജില്ലകളിൽ 200 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്. ഇന്തോ -ടിബറ്റൻ അതിർത്തി ബോർഡർ ഉദ്യോഗസ്ഥരാണ് ഇവിടെ സംരക്ഷണം ഒരുക്കുന്നത്.