ചെന്നൈ: തൂത്തുക്കുടി ഇരട്ട കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് വരെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന്‍റെ ക്രൈം ബ്രാഞ്ച് (സിബി-സിഐഡി) കേസ് അന്വേഷിക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രഥമദൃഷ്‌ട്യ ഇതൊരു കൊലപാതകമാണെന്ന് വ്യക്തമാണെന്നും കേസിലെ തെളിവുകള്‍ നശിപ്പിക്കപ്പെടുമോയെന്ന ഭയത്തിലാണ് കേസ് സിബി-സിഐഡിക്ക് വിടുന്നതെന്നും കോടതി പറഞ്ഞു. തിരുനെല്‍വേലിയില്‍ സിബി സിഐഡിയുടെ ഡെപ്യൂട്ടി സൂപ്രണ്ട് അനില്‍ കുമാറിനാണ് അന്വേഷണ ചുമതല.
സിബി-സിഐഡി ഉടന്‍ തന്നെ കേസ് ഏറ്റെടുക്കണമെന്നും അന്വേഷണം വൈകിപ്പിക്കാന്‍ പാടില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി. മജിസ്‌ട്രേറ്റിന്‍റെ അന്വേഷണം തടസപ്പെടുത്തിയ തൂത്തുക്കുടി എഡിഎസ്‌പി ഡി. കുമാര്‍, ഡിഎസ്‌പി സി. പ്രതാപന്‍, കോണ്‍സ്റ്റബിള്‍ മഹാരാജന്‍ എന്നിവരെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ അമിത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അങ്ങനെ പെരുമാറിയെതെന്ന് കോണ്‍സ്റ്റബിള്‍ മഹാരാജന്‍ കോടതിയെ അറിയിച്ചു.
ലോക്ക്‌ഡൗണ്‍ ലംഘിച്ചെന്നാരോപിച്ച് കസ്റ്റഡിയില്‍ എടുത്ത പി. ജയരാജനും മകന്‍ ബെനഡിക്‌സും ജൂണ്‍ 23 നാണ് മരിക്കുന്നത്. പൊലീസിന്‍റെ ക്രൂര മര്‍ദ്ദനമാണ് ഇരുവരുടേയും മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ രാജ്യ വ്യാപകമായി പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് സാത്താന്‍കുളം പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറടക്കം അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തു.