ലക്നൗ: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിൽ അക്രമം നടത്തിയെന്ന് ആരോപിക്കപ്പെട്ടവരുടെ പേരും വിലാസവും ഫോട്ടോകളും അടങ്ങിയ ഹോർഡിങുകൾ നീക്കം ചെയ്യാൻ ഉത്തർപ്രദേശ് സർക്കാരിന് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. കഴിഞ്ഞ ഡിസംബർ മുതൽ പ്രതിഷേധത്തിൽ പ്രതിചേർത്തവരുടെ വിവരങ്ങളടങ്ങിയ നിരവധി ഹോർഡിങുകൾ സംസ്ഥാനത്ത് പൊലീസ് സ്ഥാപിച്ചിരുന്നു. പ്രതികളുടെ പേരും ഫോട്ടോഗ്രാഫുകളും വിലാസങ്ങളും ഹോർഡിങുകളിൽ അച്ചടിക്കുകയും പൊതു, സ്വകാര്യ സ്വത്തുക്കൾക്ക് സംഭവിച്ച നാശനഷ്ടങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ അടയ്ക്കാനും അല്ലെങ്കിൽ അവരുടെ സ്വത്തുക്കൾ ജില്ലാ ഭരണകൂടം പിടിച്ചെടുക്കുമെന്നും അറിയിച്ചിരുന്നു.
ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു കാര്യത്തിന് ജനങ്ങളെ പരസ്യമായി അപമാനിക്കുന്ന നടപടിയാണ് ഇതെന്ന് സാമൂഹ്യ പ്രവർത്തകനായ സദാഫ് ജാഫർ ആരോപിച്ചിരുന്നു. നീക്കം നിയമവിരുദ്ധമാണെന്ന് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ എസ് ആർ ദാരപുരിയും വ്യക്തമാക്കിയിരുന്നു . പോസ്റ്ററുകൾ കാരണം ജനങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടായാൽ അത് ഭരണകൂടത്തിന്‍റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.