ഹൈദരാബാദ്: സംസ്ഥാന സെക്രട്ടറിയേറ്റ് കെട്ടിടങ്ങൾ പൊളിക്കാനുള്ള താൽക്കാലിക സ്റ്റേ തെലങ്കാന ഹൈക്കോടതി നാളെ വരെ നീട്ടി. പ്രൊഫ. പി. വിശ്വേശ്വർ റാവു, ഡോ. ചെരുക്കു സുധാകർഹാദ് എന്നിവർ ജൂലൈ 10ന് സമർപ്പിച്ച ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് രാഘവേന്ദ്ര സിങ് ചൗഹാൻ, ജസ്റ്റിസ് ബി വിജയൻ റെഡ്ഡി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ജൂലൈ 13 വരെ താൽക്കാലിക സ്റ്റേ അനുവദിച്ചത്. തുടർന്ന് സ്റ്റേ ഇന്നു വരെ നീട്ടുകയും സെക്രട്ടറിയേറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാന മന്ത്രിസഭാ പ്രമേയം അടച്ച കവറിൽ സമർപ്പിക്കാൻ സർക്കാരിന് നിർദേശവും നൽകിയിരുന്നു.
ഏകദേശം 10 ലക്ഷം ചതുരശ്ര അടി വിസ്‌തീർണമുള്ള 10 ബ്ലോക്കുകളുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നതിനായി കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ് ഹർജിക്കാരുടെ ആരോപണം. എന്നാൽ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്ന് അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു. വിഷയത്തിലെ പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള നിലപാടുകൾക്ക് കേന്ദ്ര സർക്കാർ മറുപടി നൽകണമെന്നാവശ്യപ്പെട്ടാണ് സ്റ്റേ നാളെ വരെ നീട്ടിയത്.