ന്യൂഡൽഹി: ജിമ്മുകളും യോഗ സ്ഥാപനങ്ങളും ബുധനാഴ്ച മുതൽ തുറക്കും. സ്ഥാപനങ്ങളിൽ കൊവിഡ് വ്യാപനം തടയാനുള്ള മാർഗ നിർദേശങ്ങളും പ്രതിരോധ നടപടികളും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കി. പുതിയ മാർഗ നിർദേശങ്ങൾ അനുസരിച്ച്, കണ്ടെയ്‌ൻമെന്‍റ് സോണിന് പുറത്തുള്ള സ്ഥാപനങ്ങൾ മാത്രമാണ് തുറക്കാൻ അനുവദിക്കുക.
65 ന് മുകളിൽ പ്രായമുള്ളവർ, രോഗികൾ, ഗർഭിണികൾ, പത്ത് വയസിന് താഴെയുള്ള കുട്ടികൾ എന്നിവർക്ക് ജിമ്മുകളിൽ പ്രവേശനമില്ലെന്നും ഇവർ വീട്ടിൽ തന്നെ തുടരണമെന്നും മാർഗ നിർദേശമുണ്ട്. സ്ഥാപനങ്ങളിൽ ഒരാൾക്ക് നാല് ചതുരശ്ര മീറ്റർ സ്ഥലം അനുവദിക്കും. കാർഡിയോ, സ്ട്രെങ്ത് മെഷീനുകൾ ആളുകളിൽ നിന്നും പരസ്പരം കുറഞ്ഞത് ആറടി അകലത്തിൽ സ്ഥാപിക്കണം. സ്ഥാപനങ്ങൾക്ക് പുറത്തും മെഷീനുകൾ ഉപയോഗിക്കാം. എന്നാൽ ആളുകളെ നിയന്ത്രിക്കുമ്പോൾ സാമൂഹിക അകലവും ശുചിത്വ മാനദണ്ഡങ്ങളും പാലിക്കണം. ജിമ്മുകളിൽ മാസ്‌ക് നിർബന്ധമാണ്. സ്ഥാപനങ്ങളിൽ ഓൺലൈനായി പണമടക്കാനുള്ള സൗകര്യം ഏർപ്പെടുത്തണം. സ്ഥാപനങ്ങളുടെ മാനേജുമെന്‍റും ഉപഭോക്താക്കളും ഉൾപ്പെടെ എല്ലാവരും ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യാനും ഉപയോഗിക്കാനും മാർഗ നിർദേശമുണ്ട്.