ഗാന്ധിനഗര്‍: കൊവിഡിനെ നേരിടാൻ മാസ്‌കും സാനിറ്റൈസറും പോലെ തന്നെ പ്രധാനപ്പെട്ടതാണ് സാമൂഹ്യ അകലം പാലിക്കലും. കൃത്യമായ സാമൂഹ്യ അകലം പാലിക്കുന്നതിനായി പുറത്തിറങ്ങുമ്പോൾ കുട നിര്‍ബന്ധമാക്കിയിരിക്കുകയാണ് ഗുജറാത്തിലെ ഗിർ സോംനാഥ് ജില്ലയിലെ അദ്രി ഗ്രാമവാസികൾ.
ശരാശരി ഒരു കുടയുടെ വ്യാസം നാല് അടിയാണ്. അതിനാല്‍ കുട ചൂടുന്നത് വ്യക്തികൾക്കിടയിൽ കൃത്യമായ സാമൂഹിക അകലം സൃഷ്‌ടിക്കുമെന്ന് ഗ്രാമവാസികൾ പറയുന്നു. ലോക്ക് ഡൗണിന്‍റെ ആദ്യ ദിവസം മുതൽ തന്നെ സാമൂഹിക അകലം പാലിക്കാൻ ആളുകളോട് നിര്‍ദേശിച്ചിരുന്നു. പിന്നീട് പുറത്തിറങ്ങുമ്പോൾ എല്ലാവരും കുട ചൂടി നടക്കണമെന്നത് നിര്‍ബന്ധമാക്കി. ചെറുപ്പക്കാരനായ ഗ്രാമത്തലവൻ അവതരിപ്പിച്ച പുത്തൻ ആശയത്തെ ഗ്രാമവാസികൾ ഒന്നടങ്കം സ്വാഗതം ചെയ്‌തു. ഇതോടെ വെയിലെന്നോ മഴയെന്നോ ഇല്ലാതെ വീടിന് പുറത്തിറങ്ങുന്നവര്‍ കുട ചൂടാൻ തുടങ്ങി. മറ്റ് ഗ്രാമങ്ങളിലെ ആളുകളും സാമൂഹ്യ അകലം പാലിക്കാൻ ഈ രീതി പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്രി ഗ്രാമവാസികൾ പറയുന്നു.