ഗാന്ധിനഗര്‍: ഗുജറാത്തില്‍ ബിജെപി എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ മന്‍സുഖ് വാസവ പാര്‍ട്ടി വിട്ടു. പാര്‍ലമെന്‍റിലെ ബജറ്റ് സെഷനില്‍ ലോക്‌സഭയില്‍ നിന്നും രാജിവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ മോദി മന്ത്രിസഭയില്‍ ആദിവാസി ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു മന്‍സുഖ് വാസവ. നര്‍മദ ജില്ലയിലെ 121 ഗ്രാമങ്ങള്‍ പരിസ്ഥിതി ലോലപ്രദേശമാക്കിയ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം കഴിഞ്ഞ ആഴ്‌ച പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഗുജറാത്തിലെ ബറൂച്ചില്‍ നിന്നും ആറ് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് മന്‍സുഖ് വാസവ. സ്റ്റേറ്റ് ബിജെപി പ്രസിഡന്‍റ് സി ആര്‍ പാട്ടീലിനയച്ച കത്തിലാണ് രാജി വ്യക്തമാക്കിയത്.
ഡിസംബര്‍ 28നയച്ച കത്തില്‍ പാര്‍ലമെന്‍റ് ബജറ്റ് സെഷനില്‍ ലോക്‌സഭ സ്‌പീക്കറെ കണ്ടതിന് ശേഷം ബറൂച്ച് എംപി പദവിയില്‍ നിന്നും രാജി വെക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയോട് വിശ്വസ്‌തത പുലര്‍ത്താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും താന്‍ മനുഷ്യനാണെന്നും തെറ്റുപറ്റാമെന്നും കത്തില്‍ പരാമര്‍ശമുണ്ട്. തന്‍റെ തെറ്റുകള്‍ മൂലം പാര്‍ട്ടിക്ക് പ്രശ്‌നമുണ്ടാവരുതെന്നും രാജിവെക്കുകയാണെന്നും പാട്ടീലിനയച്ച കത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ സമൂഹമാധ്യമങ്ങള്‍ വഴിയാണ് രാജിക്കത്ത് കിട്ടിയതെന്ന് ബിജെപി സംസ്ഥാന വക്താവ് ഭാരത് പാണ്ഡ്യ വ്യക്തമാക്കി. മന്‍സുഖ് വാസവയുമായി സി ആര്‍ പാട്ടീല്‍ സംസാരിച്ചെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും ഭാരത് പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.