ന്യൂഡല്‍ഹി: കൊവിഡ് രോഗ ബാധയെ തുടർന്ന് രാജ്യത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഭക്ഷ്യവിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക സെല്‍ രൂപീകരിച്ചതായി കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രി ഹർസിമ്രത്ത് കൗർ ബാദല്‍ പറഞ്ഞു.
ഭക്ഷ്യ ഉത്‌പന്നങ്ങളുടെ വിതരണത്തിനും ഉത്‌പാദനത്തിനും എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് സെല്ലുമായി ബന്ധപ്പെടാം. സംശയങ്ങൾ ദൂരീകരിക്കുന്നതിന് covidgrievance-mofpi@gov.in എന്ന വിലാസത്തിലേക്ക് മെയില്‍ അയക്കാമെന്നും ഹർസിമ്രത്ത് ട്വറ്ററിലൂടെ അറിയിച്ചു. ഭക്ഷ്യ ഉത്പന്നങ്ങളുടെ വ്യവസായം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി സർക്കാർ ബിസിനസ് ഇമ്മ്യൂണിറ്റി പ്ലാറ്റ്ഫോം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. www.investindia.gov.in/bip എന്ന വിലാസത്തില്‍ ഇത് സംബന്ധിച്ച സംശങ്ങൾക്ക് ബന്ധപ്പെടാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് ഭക്ഷ്യ വ്യവസായത്തിന്‍റെയും വിതരണക്കാരുടെയും തുടർച്ചയായ പ്രവർത്തനത്തിന്‍റെ ആവശ്യകതയെക്കുറിച്ച് ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം സെക്രട്ടറി പുഷ്പ സുബ്രഹ്മണ്യം കത്ത് അയച്ചു. ആവശ്യമായ ഭക്ഷ്യ ഉത്പന്നങ്ങളുടെ ഒരു പട്ടികയും കത്തിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. അസംസ്കൃത വസ്തുക്കളുടെ ലഭ്യത, പാക്കേജിങ് സാമഗ്രികൾ, ചരക്ക് വാഹനങ്ങൾ, കോൾഡ് സ്റ്റോറേജുകളുടെ പ്രവർത്തനം, ഫാക്ടറികളില്‍ തൊഴിലാളികൾക്ക് ജോലി ചെയ്യാനുള്ള സാഹചര്യം എന്നിവ ഉറപ്പാക്കേണ്ടതുണ്ടെന്നും സെക്രട്ടറി കത്തിലൂടെ അറിയിച്ചിട്ടുണ്ട്. ഭക്ഷ്യ ഉത്‌പന നിർമ്മാണ ഫാക്ടറികളുടെ പ്രവർത്തനം സുഗമമാക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ ജില്ല കലക്ടർമാർ, പൊലീസ്, ഗതാഗത ഉദ്യോഗസ്ഥർ എന്നിവർക്ക് നിർദേശിക്കണമെന്നും മന്ത്രാലയ സെക്രട്ടറി ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ, ഭക്ഷ്യ വിതരണ ശൃംഖലയിലെ തകരാറിനെക്കുറിച്ച് റിപ്പോർട്ട് നല്‍കുന്നതിന് സംസ്ഥാന തലത്തിൽ ഒരു നോഡൽ ഓഫീസറെ നാമനിർദേശം ചെയ്യാനും സെക്രട്ടറി നിർദേശിച്ചു.