ന്യൂഡൽഹി: പ്രധാൻ മന്ത്രി ഗരിബ് കല്യാൺ പാക്കേജിന്‍റെ (പിഎംജികെപി) കീഴിൽ
രാജ്യത്ത് 42 കോടി ഗുണഭോക്താക്കൾക്ക് 53,248 കോടി രൂപ സഹായം നൽകിയെന്ന് ധനമന്ത്രാലയം. ഡിബിടി (നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം) വഴി ജൂൺ രണ്ട് വരെ നൽകിയ കണക്കാണിത്.
കൊവിഡ് മൂലമുണ്ടായ ലോക്ക് ഡൗണിന്‍റെ ആഘാതത്തിൽ നിന്ന് സമൂഹത്തിലെ ദുർബലരായ വിഭാഗങ്ങളെ സംരക്ഷിക്കുന്നതിന് 1.7 ലക്ഷം കോടി രൂപ പിഎംജികെപി പദ്ധതി ധനമന്ത്രി നിർമ്മല സീതാരാമൻ മാർച്ച് 26ന് പ്രഖ്യാപിച്ചിരുന്നു. പാക്കേജിനു കീഴിൽ, ദരിദ്രരായ മുതിർന്ന പൗരന്മാർക്കും കർഷകർക്കും സ്ത്രീകൾക്കും സൗജന്യ ഭക്ഷ്യധാന്യങ്ങളും ധനസഹായവും സർക്കാർ പ്രഖ്യാപിച്ചു.
ഇതുവരെ 8,488 കോടി രൂപ പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സർക്കാർ കൈമാറി. ഉജ്ജ്വല പദ്ധതി വഴി മൂന്ന് മാസത്തേക്ക് (ജൂൺ 30 വരെ) ഉജ്ജ്വല ഗുണഭോക്താക്കൾക്ക് സൗജന്യ പാചക വാതക സിലിണ്ടറുകൾ വിതരണം ചെയ്യാനായിരുന്നു സർക്കാർ തീരുമാനം. ഇതിന്‍റെ ഭാഗമായി 8.58 കോടി സൗജന്യ സിലിണ്ടറുകൾ എത്തിക്കുകയും മൊത്തം 9.25 കോടി സിലിണ്ടറുകൾ ബുക്ക് ചെയ്യുകയും ചെയ്തു.
പി.എം-കിസാൻ പദ്ധതിയുടെ ആദ്യ ഗഡുവായ 16,394 കോടി രൂപ, 8.19 കോടി കർഷകർക്ക് കൈമാറി. ഓരോ കർഷകരുടെയും അക്കൗണ്ടിലേക്ക് 2,000 രൂപ വീതം നേരിട്ടെത്തിച്ചു. വനിതാ ജൻ ധൻ അക്കൗണ്ട് ഉടമകൾക്ക് 20,344 കോടി രൂപ സർക്കാർ വിതരണം ചെയ്തു. 2.3 കോടി കെട്ടിട നിർമാണ തൊഴിലാളികൾക്ക് ഇതുവരെ 4,313 കോടി രൂപ ധനസഹായം നൽകിയതായും കേന്ദ്രം അറിയിച്ചു.