ന്യൂഡൽഹി: ഡിഫന്‍സ് സ്റ്റഡീസ് ആന്‍റ് അനാലിസിസിന് പുതിയ പേര് നല്‍കി കേന്ദ്രസര്‍ക്കാര്‍. മനോഹര്‍ പരീക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍റ് അനാലിസിസ് (ഐഡിഎസ്എ) എന്നാണ് പുതിയ പേര്.
2014 നവംബർ 9 മുതൽ 2017 മാർച്ച് 14 വരെ പ്രതിരോധ മന്ത്രിയായിരുന്നു പരീക്കര്‍. പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ മൂലം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 17ന് ഗോവയിലായിരുന്നു അന്ത്യം.
പത്താൻകോട്ട് ആക്രമണത്തില്‍ അദ്ദേഹം മാതൃകാപരമായാണ് പ്രതിരോധ മന്ത്രാലയത്തെ നയിച്ചതെന്നും കേന്ദ്രസര്‍ക്കാരിന്‍റെ പ്രസ്താവനയില്‍ പറയുന്നു. പൊതുജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും സമര്‍പ്പണവും സമഗ്രതയും നിര്‍ഭയത്വവും പ്രകടിപ്പിച്ചിരുന്ന വ്യക്തിത്വത്തിന് ഉടമയാണെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.
പരീക്കർ പ്രതിരോധ മന്ത്രിയായിരുന്നപ്പോൾ സുരക്ഷാ ശേഷി വർദ്ധിപ്പിക്കുകയും തദ്ദേശീയ പ്രതിരോധ ഉൽപാദനം വർദ്ധിപ്പിക്കുകയും മുൻ സൈനികരുടെ ജീവിതത്തെ മികച്ചതാക്കുകയും ചെയ്യുന്ന നിരവധി തീരുമാനങ്ങൾക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്.
സായുധ സേനയുടെ ദീർഘകാല വൺ റാങ്ക് വൺ പെൻഷൻ ആവശ്യം നടപ്പിലാക്കുന്നതിനാണ് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ സംഭാവനയെന്ന് പ്രസ്താവനയിൽ പറയുന്നു. ഇക്കാരണങ്ങളാലാണ് ഐഡിഎസിന്‍റെ പേര് മാറ്റിയതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.