ന്യൂഡൽഹി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഉടമകൾക്ക് കേന്ദ്ര സർക്കാർ സന്ദർശനാനുമതി നൽകി. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ് പ്രകാരം, അടിയന്തര സാഹചര്യങ്ങളിൽ രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഒസിഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്ക് വരാം.
വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് ജനിച്ചതും ഒസിഐ കാർഡുകൾ കൈവശമുള്ളതുമായ കുട്ടികൾ, ഒരാൾ ഒസിഐ കാർഡ് ഉടമയും മറ്റൊരാൾ ഇന്ത്യൻ പൗരനുമായ ദമ്പതികൾ, മാതാപിതാക്കൾ ഇന്ത്യയിൽ താമസിക്കുന്ന ഒസിഐ കാർഡ് ഉടമകളായ യൂണിവേഴ്സിറ്റി വിദ്യാർഥികൾ എന്നിവർക്കും രാജ്യം സന്ദർശിക്കാൻ അനുവാദമുണ്ട്. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ വിദേശത്തുനിന്ന് തിരിച്ചുകൊണ്ടുവരാൻ 'വന്ദേ ഭാരത് മിഷൻ' എന്ന പേരിൽ സർക്കാർ പ്രത്യേക പ്രവർത്തനം നടത്തുന്നുണ്ട്.