മുംബൈ: രാജ്യത്ത് കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഗോവ സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്നും ഒരു സംഘം മൂന്ന് ദിവസത്തെ പരിശീലനത്തിനായി പൂനെയിലെത്തി. ഗോവയിൽ വൈറോളജി ലാബ് സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള പരിശീലനത്തിനായി ഗോവ സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്നുള്ള സംഘമാണ് പൂനെയിലെത്തിയത്. ഗോവ മെഡിക്കൽ കോളജിലെ മൈക്രോ ബയോളജി വിഭാഗം മേധാവി സാവിയോ റോഡ്രിഗസിന്‍റെ നേതൃത്വത്തിലായിരിക്കും വൈറോളജി ലാബ് സ്ഥാപിക്കുക. മഹാരാഷ്‌ട്രയിലെ ആരോഗ്യ വകുപ്പ് വിദഗ്‌ധർ ഇവർക്ക് പരിശീലനം നൽകും. കൂടാതെ പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ കൊവിഡ് 19 പരിശോധിക്കുന്നതിന് വേണ്ടി രക്തസാമ്പിളുകളും മെഡിക്കൽ സംഘം എത്തിച്ചിട്ടുണ്ട്.
രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഗോവയിലെ ഐഎൻഎസ് ഹൻസയിൽ നിന്നുള്ള ഇന്ത്യൻ നേവി ഡോർണിയർ വിമാനത്തിലാണ് മെഡിക്കൽ സംഘം എത്തിയത്. പരിശീലനത്തിന് എത്താൻ ഇന്ത്യൻ നാവികസേനയോട് ഗതാഗത സൗകര്യം ഒരുക്കിത്തരാൻ ഇവർ ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്‌ചയായിരിക്കും മെഡിക്കൽ സംഘം മടങ്ങുക.