ഹൈദരാബാദ്: കൊവിഡ് മഹാമാരി വിദ്യാഭ്യാസ മേഖലയ്ക്കാണ് ഏറ്റവുമധികം ബുദ്ധിമുട്ട് സൃഷ്ടിച്ചതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്. ജൂലൈ പകുതിയോടെ ലോകത്തെ 160ലധികം രാജ്യങ്ങളിൽ സ്കൂളുകൾ അടച്ചുപൂട്ടി. 40 ദശലക്ഷം കുട്ടികൾക്ക് അവരുടെ പ്രീ-സ്കൂൾ വിദ്യാഭ്യാസം നഷ്‌ടപ്പെട്ടു. ലോകം ഒരു തലമുറയുടെ മഹാപതനത്തെ അഭിമുഖീകരിക്കുന്നു. ഇത് മനുഷ്യ ശേഷി പാഴാക്കുകയും പതിറ്റാണ്ടുകളുടെ പുരോഗതിയെ ദുർബലപ്പെടുത്തുകയും ഉറച്ചുനിൽക്കുന്ന അസമത്വങ്ങൾ വർധിപ്പിക്കുകയും ചെയ്യുമെന്നും അന്‍റോണിയോ ഗുട്ടെറസ് ചൊവ്വാഴ്ച പറഞ്ഞു.
നമ്മൾ ഒരു നിർണായക നിമിഷത്തിലാണ്. ഗവൺമെന്‍റുകളും പങ്കാളികളും ഇപ്പോൾ എടുക്കുന്ന തീരുമാനങ്ങൾ ദശലക്ഷക്കണക്കിന് ചെറുപ്പക്കാരിലും വരും ദശകങ്ങളായി രാജ്യങ്ങളുടെ വികസന സാധ്യതകളിലും ശാശ്വത സ്വാധീനം ചെലുത്തും- അദ്ദേഹം കൂട്ടിചേർത്തു.
വൈറസ് വ്യപനം നിയന്ത്രണത്തിലായാൽ സ്കൂളുകൾ വീണ്ടും തുറക്കണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു. കൊവിഡ് ആഗോളതലത്തിൽ 1,84,47,759 ആളുകളെ ബാധിക്കുകയും ലോകമെമ്പാടുമുള്ള 6,97,245 പേർ മരിക്കുകയും ചെയ്തു.