ഹൈദരാബാദ്: ലോകത്ത് ആകെ കൊവിഡ് രോഗബാധിതർ 1,77,66,840 ആയി. കൊവിഡ് മൂലം 6,83,218 പേർ മരിച്ചെന്നും 1,11,66,333 പേർ രോഗമുക്തരായെന്നുമാണ് റിപ്പോർട്ട്. ന്യൂസിലാൻഡിൽ പുതുതായി രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതർ 1,562 ആയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ജൂലായ് 27ന് പാകിസ്ഥാനിൽ നിന്ന് ദുബായ് വഴി വന്ന രണ്ട് യുവതികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. ക്വാറന്‍റൈൻ കാലയളവിലാണ് ഇരുവർക്കും രോഗം സ്ഥിരീകരിച്ചത്.
ന്യൂസിലാന്‍റിലെ സജീവ കൊവിഡ് കേസുകൾ 22 ആണ്. ഇവർ ക്വാറന്‍റൈനിലാണെന്നും ആശുപത്രികളിൽ കൊവിഡ് ചികിത്സയിൽ ആരുമില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യം നിലവിൽ ഇല്ലെന്നും പരിശോധന ആവശ്യപ്പെട്ടാൽ ആളുകൾ കൊവിഡ് പരിശോധനക്ക് വിധേയമാകണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.