ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,05,77,756 ആയി. കൊവിഡ് മൂലം 5,13,186 പേർ മരിച്ചെന്നും 57,90,762 പേർ കൊവിഡ് മുക്തരായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അമേരിക്കയിൽ ദിനം പ്രതി ഒരു ലക്ഷം കൊവിഡ് രോഗികളെ കണ്ടെത്തിയാലും അത്ഭുതപ്പെടാനാവില്ലെന്ന് ഗവേഷകൻ ആന്‍റണി ഫൗസി യുഎസ് സെനറ്റിൽ പറഞ്ഞു. നിലവിലെ സാഹചര്യം നിയന്ത്രണ വിധേയമല്ല. ജനം മാസ്‌ക്കുകൾ ധരിക്കുന്നില്ലെന്നും സാമൂഹിക അകലം പാലിക്കുന്നില്ലെന്നും അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
അമേരിക്കയിൽ നാല് സംസ്ഥാനങ്ങളിൽ നിന്നാണ് പകുതിയിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ന്യൂയോർക്ക് സന്ദർശിച്ചവർ സ്വയമേ ക്വാറന്‍റൈനിൽ പ്രവേശിക്കണമെന്ന് ന്യൂയോർക്ക് ഗവർണർ വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്‌ച 40,000ത്തോളം പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
ബ്രിട്ടനിൽ പുതുതായി 689 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതരുടെ എണ്ണം 312,654 ആയി. ബ്രിട്ടനിൽ 155 പേരാണ് കൊവിഡ് മൂലം കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ ബ്രിട്ടനിലെ കൊവിഡ് മരണ സംഖ്യ 43,730 ആയി.