ന്യൂഡല്‍ഹി: ഡല്‍ഹി മൃഗശാലയിലെ പെൺ ചീങ്കണ്ണി ചത്ത സംഭവത്തില്‍ അഞ്ച് ജീവനക്കാര്‍ കുറ്റക്കാരെന്ന് കണ്ടെത്തി. അസിസ്റ്റന്‍റ് കീപ്പർമാരായ ദീപ് കുമാർ, വിനോദ് കുമാർ, ഹെഡ് കീപ്പർ രാജ്ബീർ സിങ്, ബയോളജിക്കൽ അസിസ്റ്റന്‍റ് മനോജ് കുമാർ, വെറ്ററിനറി ഓഫീസർ അഭിജിത് ഭവാൽ എന്നിവരാണ് കുറ്റക്കാര്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ജീവനക്കാരുടെ അനാസ്ഥയാണ് ചീങ്കണ്ണിയുടെ മരണത്തിന് പിന്നിലെന്ന് കണ്ടെത്തി. ഏപ്രിൽ 24ന് ചത്ത ചീങ്കണ്ണിയുടെ ജഡം മൂന്ന് ദിവസത്തിന് ശേഷമാണ് കണ്ടെത്തിയത്.
അശ്രദ്ധ മറച്ചുവെക്കാനായി മൃഗശാലയുടെ രേഖകൾ ഹെഡ് കീപ്പർ തട്ടിയെടുത്തിരുന്നു. ഏപ്രിൽ 24, ഏപ്രിൽ 25 തീയതികളിലെ രേഖകളില്‍ ചീങ്കണ്ണിയുൾപ്പെടെയുള്ള എല്ലാ മൃഗങ്ങളുടെയും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതാണെന്ന് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. എന്നാലിത് അസിസ്റ്റന്‍റ് കീപ്പർ ദീപ് കുമാർ തെറ്റായി എഴുതി ചേര്‍ത്തതാണെന്ന് അന്വേഷണ സമിതി കണ്ടെത്തി. മൃഗങ്ങളെ നേരിട്ട് കാണാതെ മൃഗശാലയിലെ ദിവസവേതനക്കാരായ തൊഴിലാളികൾ പറഞ്ഞത് കേട്ട് രേഖപ്പെടുത്തിയതാണെന്ന് ഹെഡ് കീപ്പർ വിനോദ് കുമാർ സമ്മതിച്ചു. അതുപോലെ ഹെഡ് കീപ്പർ രാജ്ബീർ സിങും ചീങ്കണ്ണിയെ നേരിട്ടെത്തി പരിശോധിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവം മൃഗശാല ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വലിയ വീഴ്‌ചയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് ദേശീയ മൃഗശാല അതോറിറ്റി (സിഡബ്ല്യുഎ) മുൻ സെക്രട്ടറി ഡി.എൻ.സിങ് ആരോപിച്ചു. ഡല്‍ഹി മൃഗശാലയെ പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വന്യജീവി വിഭാഗത്തിൽ നിന്ന് ദേശീയ മൃഗശാല അതോറിറ്റിയുടെ പരിധിയിലേക്ക് മാറ്റിയിട്ടും മൃഗശാലയുടെ നടത്തിപ്പിൽ പുരോഗതി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി മൃഗശാലയിലെ മൃഗങ്ങളുടെ മരണത്തെക്കുറിച്ചും ഉദ്യോഗസ്ഥരുടെ ക്രമക്കേടുകളെക്കുറിച്ചും നിരവധി ആരോപണങ്ങൾ അടുത്തിടെ ഉയര്‍ന്നിരുന്നു.