ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ ഡിഫൻസ് സ്റ്റാഫ് മേധാവിയായി ബിപിൻ റാവത്തിനെ നിയമിച്ചു. ഡിസംബർ 31ന് കരസേനാ മേധാവിയായി വിരമിക്കാനിരിക്കെയാണ് നിയമനം. ഡിഫൻസ് സ്റ്റാഫ് മേധാവിയായി മൂന്നുവർഷത്തേക്കാണ് റാവത്ത് നിയമിതനായത്. രാഷ്ട്രപതിക്ക് കീഴിൽ മൂന്ന് സേനകളും തമ്മിലുള്ള ഏകോപനച്ചുമതല ഇനി മുതൽ റാവത്തിനാകും. പ്രതിരോധമന്ത്രിയുടെ പ്രിൻസിപ്പൽ മിലിട്ടറി ഉപദേശകനും ഇനി ബിപിൻ റാവത്തായിരിക്കും.
ബിപിൻ റാവത്ത് ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടും എന്നും നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. 1999 ലെ കാർഗിൽ റിവ്യൂ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. സർക്കാരിൻ്റെ സിംഗിൾ-പോയിൻ്റ് സൈനിക ഉപദേഷ്ടാവായാണ് ബിപിൻ റാവത്തിനെ നിയമിച്ചത്. സുരക്ഷ സംബന്ധിച്ച ക്യാബിനറ്റ് കമ്മിറ്റി ഡിസംബർ 24നാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. 1978ലാണ് റാവത്ത് ഇന്ത്യൻ കരസേനയില്‍ ചേര്‍ന്നത്.