ജയ്‌പൂർ: ആയുഷ് മേഖലയിൽ രാജ്യത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യങ്ങൾ സംസ്ഥാനത്തുള്ളതിനാൽ ദേശീയ ആയുഷ് മിഷനു കീഴിൽ സംസ്ഥാനത്തിന് പ്രത്യേക പദവി നൽകണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് 5,000 ആയുഷ് മെഡിക്കൽ സെന്‍ററുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാം ആയുർവേദ ദിനത്തിൽ ജാംനഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിങ് ആന്‍റ് റിസർച്ചും (ഐടിആർഎ) ജയ്‌പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയും (എൻഐഎ) പ്രധാനമന്ത്രി മോദി രാജ്യത്തിന് സമർപ്പിച്ച വെർച്വൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗെലോട്ട്.
പാർലമെന്‍റ് നിയമപ്രകാരം ഐടിആർഎ ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായും എൻഐഎ യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ യൂണിവേഴ്‌സിറ്റിയായി കണക്കാക്കുന്നതുമാണ്. സർവകലാശാല പദവിയോടെ ആയുഷിന്‍റെ ഗവേഷണങ്ങൾക്ക് പ്രധാന്യം കൂടുകയും അന്താരാഷ്‌ട്ര ഭാവി വർധിക്കുകയും ചെയ്യുമെന്ന് ഗെലോട്ട് പറഞ്ഞു. ഡ്രഗ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമത്തിൽ ഭേദഗതി വരുത്തണമെന്നും ആയുർവേദ മരുന്നുകടകളിൽ ഫാർമസിസ്റ്റുകൾ ഉണ്ടായിരിക്കണമെന്നും ഗെലോട്ട് നിർദേശിച്ചു. കേന്ദ്ര ആയുഷ് നഴ്‌സിംഗ് കമ്മീഷൻ സ്ഥാപിക്കുക, നാഡി ശാസ്ത്രം വികസിപ്പിക്കുക, യോഗയ്ക്കും പ്രകൃതിചികിത്സയ്ക്കും കേന്ദ്ര കൗൺസിൽ രൂപീകരിക്കുക, ആയുർവേദ ആശുപത്രികളെ വെൽനസ് സെന്‍ററുകളാക്കി മാറ്റുക എന്നീ നിർദേശങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചു.