ഇന്‍ഡോര്‍: മഹാത്മാ ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ കശ്മീരിലെ കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കുമായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് ഡല്‍ഹി മുതല്‍ ശ്രീനഗര്‍ വരെ ഗാന്ധിജി മാര്‍ച്ച് നടത്തുമായിരുന്നുവെന്നും സിങ് പറഞ്ഞു. ഗാന്ധിജിയുടെ 150ാം ജന്മദിനാചരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാരിനെ കടുത്ത ഭാഷയിലാണ് ദിഗ്‌വിജയ് സിങ് വിമര്‍ശിച്ചത്. കശ്മീരില്‍ ബിജെപി നടപ്പിലാക്കിയത് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ സിദ്ധാന്തമാണ്. ഏത് മാര്‍ഗത്തിലൂടെയും കശ്മീരിയത്ത് (കശ്മീരിന്‍റെ പാരമ്പര്യം), 'ജംഹൂറിയത്ത്' (ജനാധിപത്യം) 'ഇൻസാനിയത്ത്' (മനുഷ്വത്വം ) എന്നിവ സംരക്ഷിക്കുകയായിരുന്നു വാജ്പേയിയുടെ തത്വശാസ്ത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് നടപ്പാക്കിലാക്കിയതും ഇത് തന്നെ.
മത ധ്രുവീകരണത്തിലൂടെ ഉണ്ടാകുന്ന തീവ്രവാദം ഭീകരമാണ്. പാക് പ്രസിഡന്‍റും പ്രധാനമന്ത്രിയും പ്രസ്താവനകളിലൂടെ ശ്രമിക്കുന്നത് രാജ്യത്ത് മുസ്ലീം ധ്രുവീകരണം ഉണ്ടാക്കാനാണ്. ഇതുവഴി തീവ്രവാദം വളര്‍ത്താമെന്നാണ് അവര്‍ കരുതുന്നു. എന്നാല്‍ അതേദിശയില്‍ ഇന്ത്യയില്‍ ഭൂരിപക്ഷ വര്‍ഗീയതയും വളരുന്നുണ്ട്. ഇവ രാജ്യത്തിന് ഗുണകരമാകില്ല. ന്യൂനപക്ഷ വര്‍ഗീയതയേക്കാള്‍ ഭീകരമാണ് ഭൂരിപക്ഷ വര്‍ഗീയത എന്ന നെഹ്റുവിന്‍റെ വാക്കുകള്‍ മറക്കരുതെന്നും ദിഗ്‌വിജയ് സിങ് കൂട്ടിച്ചേര്‍ത്തു.