മഹാത്മാഗാന്ധിയുടെ അഹിംസയും തത്ത്വചിന്തയും ജനങ്ങളിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ദൂരെ ദേശങ്ങളിൽ നിന്ന് പോലും നിരവധി ആളുകളാണ് അദ്ദേഹത്തെ കാണാനും ഉപദേശങ്ങള്‍ ശ്രവിക്കാനും എത്തിക്കൊണ്ടിരുന്നത്. സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജിയുടെ ആശയങ്ങള്‍ ജനങ്ങളെ ഏറെ സ്വാധീനിച്ചിരുന്നു. തൊട്ടുകൂടായ്മ ഇല്ലായ്മ ചെയ്യുന്നതിനായും ജനങ്ങളുടെ മനസിൽ നിന്ന് ഈ വിവേചനം മായ്‌ച്ചുകളയാനും ഗാന്ധിജി മുന്‍കൈ എടുത്തു. ഈ നീക്കത്തിന്‍റെ ഭാഗമായാണ് 1933 ഡിസംബർ 6 ന് ഗാന്ധിജി മധ്യപ്രദേശിലെ മണ്ട്‌ല സന്ദർശിച്ചത്.
അവിടെ ഗാന്ധിജിയെ കാണാനായി ഗന്നു ഭായ് എന്നയാളും എത്തിയിരുന്നു. ഗന്നു ഭായിയും നാലായിരം അനുയായികളും നൂറ്റിനാല് കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ഗാന്ധിജിയെ കാണാൻ എത്തിയത്. ആളുകൾ തൊട്ടുകൂടായ്മയിൽ വിശ്വസിക്കുകയും ജാതി, മതം, മേൽ ജാതി , താഴ്ന്ന ജാതി മുതലായവയുടെ അടിസ്ഥാനത്തിൽ സമൂഹത്തെ വേറിട്ട് കാണുകയും ചെയ്തിരുന്ന കാലത്താണ് ഗാന്ധിജി ഈ നീക്കം നടത്തിയത്. ജാതീയ വിവേചനം ഇല്ലായ്മ ചെയ്യുന്നതിനും സമൂഹത്തിലെ സവർണരും അവർണരും തമ്മിലുള്ള അകലം ഇല്ലാതാക്കാനും മഹാത്മാഗാന്ധി 'ഹരിജൻ' എന്ന പുതിയ പദം ഉപയോഗിച്ചു. അന്നത്തെ യോഗത്തിന് ശേഷം ബിലാസ്‌പൂരിലേക്കാണ് ഗാന്ധിജി പോയത്. ഗാന്ധിജിയും ഗന്നു ഭായിയും അന്ന് യോഗം ചേർന്ന സ്ഥലത്ത് ഇപ്പോൾ അദ്ദേഹത്തിന്‍റെ സ്‌മരണക്കായി ഒരു പ്രതിമയുണ്ട്. ഇത് കൂടാതെ ഗാന്ധിജിയുടെ സ്മരണക്കായി ഒരു ആൽമരവും നട്ടുപിടിപ്പിച്ചിട്ടുണ്ട്. മാണ്ട്ലയിലെ രണ്‍റീസ് ഗാട്ടിലുളള മഹാത്മാ ഗാന്ധിയുടെ പ്രതിമ ഇപ്പോഴും അഹിംസയുടെയും ഐക്യത്തിന്‍റെയും പ്രതീകമായാണ് നിലനിൽക്കുന്നത്. അഹിംസയെയും സത്യത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ തത്ത്വചിന്ത സമൂഹത്തെ ഏകീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.