ആഹാര ക്രമത്തില്‍ ഗാന്ധിജി പാലിച്ച നിഷ്‌കർഷത അദ്ദേഹത്തിന്‍റെ ജീവിതചര്യയിലും ശൈലിയിലും വലിയ പുരോഗതിക്ക് കാരണമായി. സത്യാഗ്രഹത്തിൽ മാനസികവും ശാരീരികവുമായ ആരോഗ്യം ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. സമരപോരാട്ടങ്ങളുടെ ഭാഗമായി കിലോമീറ്ററുകൾ നടക്കാൻ വളരെയധികം ഊർജസ്വലതയും ശാരീരികക്ഷമതയും ആവശ്യമാണ്. അദ്ദേഹത്തിന്‍റെ ഭക്ഷണശീലങ്ങളാണ് അതിന് വഴിയൊരുക്കിയത്.
1942-1944 കാലഘട്ടത്തിൽ പൂനൈയിലെ ആഗ ഖാൻ കൊട്ടാരത്തിൽ വച്ചാണ് ഗാന്ധിജി ആരോഗ്യപരമായ നുറുങ്ങുകൾ സമാഹരിച്ചത്. ഇത് സുശീല നായർ പിന്നീട് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ആരോഗ്യകരമായ ജീവിതശൈലിയിൽ മനുഷ്യരെ ജീവിക്കാൻ പഠിപ്പിക്കുന്ന നിരവധി ഭാഗങ്ങളില്‍ നിന്നാണ് ഗാന്ധിജി ഇത്തരം കാര്യങ്ങൾ മനസിലാക്കിയത്. ഗാന്ധിജി തന്‍റെ ഭക്ഷണ ക്രമത്തിലൂടെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതിന് പ്രാധാന്യം നൽകിയിരുന്നതിനാൽ ഒരു യോഗിയുടെ ജീവിത രീതിയാണ് അദ്ദേഹം പിന്തുടര്‍ന്നിരുന്നത്. ഉപവാസം എന്നത് ഭക്ഷണം ഒഴിവാക്കുക എന്നല്ല അനാരോഗ്യകരമായ ഭക്ഷണങ്ങളിൽ നിന്നും സ്വയം പിന്തിരിയുക എന്നാണെന്ന് അദ്ദേഹം പഠിപ്പിച്ചു.
അദ്ദേഹം മനുഷ്യശരീരത്തെ വിശേഷിപ്പിച്ചത് ഭൂമി, വായു, വെള്ളം, വെളിച്ചം, ശൂന്യത എന്നീ ഘടനകൾ ചേർന്നതെന്നും, അതോടൊപ്പം അഞ്ച് പ്രവർത്തനേന്ദ്രിയങ്ങളായ കൈകൾ, പാദങ്ങൾ, വായ, മലദ്വാരം, ജനനേന്ദ്രിയം എന്നിവ ചേർന്നതാണെന്നുമായിരുന്നു. കൂടാതെ സ്പർശിക്കാൻ ത്വക്കും, ശ്വസിക്കാൻ മൂക്കും, രുചിക്കാൻ നാക്കും, കാണാൻ കണ്ണും, കേൾക്കാൻ ചെവിയും നൽകിയിട്ടുണ്ട്.
എല്ലാ രോഗങ്ങളുടെയും പ്രധാന കാരണം ദഹനക്കേടാണെന്നും, അതിന് കാരണം മൂലകങ്ങളിലെ ക്രമമില്ലായ്മ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ അതിനുവേണ്ട പരമ്പരാഗത പരിഹാരങ്ങളും നിർദ്ദേശിച്ചിരുന്നു. ധാന്യങ്ങളും, പയറു വർഗ്ഗങ്ങളും, പച്ചിലകളും, ഉണങ്ങിയ പഴവർഗ്ഗങ്ങളും, പാലും പാൽ ഉത്പന്നങ്ങളും അടങ്ങിയ സസ്യാഹാര രീതിയിലുള്ള ആഹാര ക്രമമാണ് അദ്ദേഹം പിന്തുടര്‍ന്നിരുന്നത്. അദ്ദേഹം ഒരിക്കലും രോഗങ്ങൾക്ക് മരുന്നുകൾ ഉപയോഗിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്തി രോഗങ്ങൾ സുഖപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്‍റെ ഭക്ഷണ ശീലങ്ങൾ അദ്ദേഹത്തിന്‍റെ വാക്കുകളിൽ നിന്ന് വ്യക്തമാണ് - " ഭക്ഷണം എപ്പോഴും നമ്മുടെ കടമയായും ശരീരത്തിന്‍റെ നിലനിൽപ്പിന് വേണ്ടിയുള്ള മരുന്നായും വേണം കഴിക്കാൻ അല്ലാതെ നാക്കിന്‍റെ തൃപ്തിക്ക് വേണ്ടി ആകരുത്." ചെറിയ അളവിൽ ചായയും കാപ്പിയും ഉപയോഗിക്കുന്നതിനെ ഗാന്ധിജി അനുകൂലിച്ചിരുന്നു.
മദ്യത്തിനും മയക്കുമരുന്നിനും അദ്ദേഹം എതിരായിരിന്നു. ആരോഗ്യമുള്ള മനസ് ആരോഗ്യമുള്ള ശരീരത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഇതിനായി മനസിനെ നിഷ്ക്രിയമാക്കാതിരിക്കാനും, കൂടാതെ ദൈവനാമം ഉരുവിടാനും അദ്ദേഹം നിർദേശിച്ചിരുന്നു.
ഡോ. ചല്ല കൃഷ്ണവീര്‍ അഭിഷേക് (സോഫ്റ്റ് സ്കില്‍സ് ട്രൈനര്‍/ഫാല്‍ക്കറ്റി , ആന്ധ്രാ യൂണിവേഴ്സിറ്റി)