ന്യൂഡല്‍ഹി: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തിയതിന് പിന്നാലെ സന്ദർശനം ആഘോഷമാക്കുകയാണ് ട്വിറ്റർ ലോകം. നമസ്തെ ട്രംപ്, ട്രംപ് ഇൻ ഇന്ത്യ തുടങ്ങി നിരവധി ഹാഷ്‌ടാഗുകളാണ് ട്രംപിന്‍റെ സന്ദർശനത്തോട് അനുബന്ധിച്ച് ട്വിറ്ററില്‍ പ്രചരിക്കുന്നത്.
52000 ലൈക്കുകളുമായി ട്രംപ് ഇൻ ഇന്ത്യ ഹാഷ്‌ടാഗാണ് മുന്നിലുള്ളത്. 38000 ലൈക്കുമായി നമസ്തെ ട്രംപാണ് തൊട്ടു പിന്നിലുള്ളത്. ട്രംപ് ഇന്ത്യ വിസിറ്റും, ഇന്ത്യ വെല്‍ക്കംസ് ട്രംപ് എന്നീ ഹാഷ്‌ടാഗുകളും ട്രെൻഡിങ് ട്വീറ്റുകളുടെ പട്ടികയിലെ ആദ്യ അഞ്ചില്‍ ഇടംപിടിച്ചിട്ടുണ്ട്.
പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ സബർമതി ആശ്രമത്തിലെ സന്ദർശനത്തിന് ശേഷം സബർമതി ആശ്രമം, മഹാത്മഗാന്ധി എന്നീ ഹാഷ്‌ടാഗുകളും ആറും ഏഴും സ്ഥാനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്‍റിനെ സ്വീകരിക്കുന്ന ഹാഷ്‌ടാഗുകൾക്കൊപ്പം തന്നെ ഗോ ബാക്ക് ട്രംപ് ഹാഷ്‌ടാഗും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ആദ്യ ഔദ്യോഗിക സന്ദർശനത്തിന് അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തു. ട്രംപും മോദിയും അഹമ്മദാബാദിലെ തിങ്ങിനിറഞ്ഞ മോട്ടേര സ്റ്റേഡിയത്തിൽ ആകാംക്ഷയോടെ കാത്തിരുന്ന പ്രേക്ഷകരെ അഭിസംബോധന ചെയ്തു. ഇതിന് ശേഷം ട്രംപും കുടുംബവും ആഗ്രയിലേക്ക് പോയി. അമേരിക്കൻ പ്രസിഡന്‍റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്ച ന്യൂഡൽഹിയിൽ ചർച്ച നടത്തും. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ എന്നിവരുമായും കൂടിക്കാഴ്ച നടത്തും.