ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് സൗജന്യ വൈഫൈ പ്രഖ്യാപിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിമര്‍ശിച്ച് ബി.ജെ.പി എം.പി ഗൗതം ഗംഭീര്‍. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കെജ്രിവാളിന്‍റേതെന്ന് ഗംഭീര്‍ പറഞ്ഞു. നാലര വര്‍ഷം മുമ്പ് പറഞ്ഞത് തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെ കെജ്രിവാള്‍ ആവര്‍ത്തിക്കുന്നു. ജനങ്ങളോട് വീണ്ടും കളവ് പറയുകയാണെന്നും ഗംഭീര്‍ കുറ്റപ്പെടുത്തി. സൗജന്യ ജല വിതരണത്തിലൂടെ വിഷം നിറഞ്ഞ വെള്ളമാണ് ജനങ്ങള്‍ക്ക് ലഭിച്ചത്. സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഇതുവരെ നടപ്പിലായില്ലെന്നും ഗംഭീര്‍ പറഞ്ഞു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു സൗജന്യ വൈഫൈ സ്പോട്ടുകള്‍. 11000 വൈഫൈ സ്പോട്ടുകളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അതില്‍ നൂറെണ്ണം ഈ മാസം 16ന് ഉദ്ഘാടനം ചെയ്യുമെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു. 2.80 ലക്ഷം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.