പനാജി: പ്രത്യേക ട്രെയിനുകളിലോ വിമാനങ്ങളിലോ ഗോവയിലെത്തുന്നവരെ 14 ദിവസത്തെ ഹോം ക്വാറന്‍റൈന് വിധേയമാക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ്. മെയ് 15 മുതൽ സംസ്ഥാനത്ത് എത്തുന്ന ഗോവ സ്വദേശികളല്ലാത്തവർക്കും ക്വാറന്‍റൈൻ സൗകര്യം ഏർപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. വിദേശികൾ 14 ദിവസം ഹോട്ടലുകളിൽ കഴിയേണ്ടി വരും.
പ്രത്യേക ട്രെയിനുകളിൽ മർഗാവോ സ്റ്റേഷനിൽ എത്തുന്നവരെ കൊവിഡ് പരിശോധനക്കായി പ്രത്യേക ബസുകളിൽ ഫത്തോർദ സ്റ്റേഡിയത്തിൽ എത്തിക്കും. പരിശോധനാ ഫലം ലഭിച്ചതിന് ശേഷം മാത്രമാണ് ഇവരെ വിട്ടയക്കുക. വിമാനത്തിൽ വരുന്നവർക്ക് വിമാനത്താവളത്തിൽ തന്നെ പരിശോധനക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കപ്പലുകളിൽ എത്തുന്നവർക്ക് പരിശോധനക്കായി മോർമുഗാവോ പോർട്ട് ട്രസ്റ്റിൽ പരിശോധനക്കുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്നും പ്രമോദ് സാവന്ദ് വ്യക്തമാക്കി.