ചെന്നൈ: മുതിര്‍ന്ന അണ്ണാ ഡി.എം.കെ നേതാവും തമിഴ്‌നാട് മുന്‍ സ്പീക്കറുമായിരുന്ന പി.എച്ച് പാണ്ഡ്യന്‍ അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അഭിഭാഷകനായിരുന്ന പാണ്ഡ്യന്‍ 1985 മുതല്‍ 1989 വരെ നിയമസഭ സ്പീക്കറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1977,1980,1984 വര്‍ഷങ്ങളില്‍ ജന്മനാടായ ചേരണ്‍മാദേവിയില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയെ അവഹേളിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ച് ആനന്ത വികേതന്‍ മാസികയുടെ എസ്. ബാലസുബ്രഹ്മണ്യനെ ജയിലില്‍ അടക്കാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ടെന്ന പരാമര്‍ശങ്ങള്‍ വിവാദത്തിനിടയാക്കിയിരുന്നു. തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി അയച്ച സമന്‍സ് നിയമസഭാ സ്പീക്കറായതിനാല്‍ സ്വീകരിക്കേണ്ടതില്ലെന്ന നിലപാടും വാര്‍ത്തകളില്‍ ഇടം പിടിച്ചു.
ജാനകി രാമചന്ദ്രന്‍ വിഭാഗത്തില്‍ നിന്ന് 1989ല്‍ തെരഞ്ഞെടുക്കപ്പെട്ട രണ്ട് പേരില്‍ ഒരാളായിരുന്നു അദ്ദേഹം.1991ല്‍ തിരുനല്‍വേലി നിന്ന് അദ്ദേഹം ലോക്‌സഭയിലെത്തി. അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ജയലളിതയുടെ മരണ ശേഷം ശശികല നടരാജനെ എതിര്‍ത്തവരില്‍ പ്രധാനിയായിരുന്നു പാണ്ഡ്യന്‍. പാണ്ഡ്യനും മകന്‍ മനോജ് പാണ്ഡ്യനും ജയലളിതയുടെ മരണത്തിലെ ദുരൂഹതകള്‍ ഉയര്‍ത്തി രംഗത്ത് വന്നിരുന്നു.
നിയമസഭയിലും ലോക്‌സഭയിലും ദക്ഷിണ തമിഴ്‌നാടിന് വേണ്ടി പാണ്ഡ്യന്‍ ശക്തമായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ പറഞ്ഞു. സി.പി.ഐ തമിഴ്‌നാട് സെക്രട്ടറി ആര്‍.മുത്തരസനും മരണത്തില്‍ അനുശോചിച്ചു. പാണ്ഡ്യന്‍റെ മരണം പാര്‍ട്ടിക്ക് വലിയ നഷ്ടമാണെന്ന് മന്ത്രിയും അണ്ണാ ഡി.എം.കെ നേതാവുമുയ ഡി.ജയകുമാര്‍ പറഞ്ഞു.