മുംബൈ: മഹാരാഷ്ട്ര മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വിനായക്‌ദാദ പാട്ടീൽ (77) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി നാസിക്കിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പാട്ടീൽ നേരത്തെ മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെങ്കിലും കുറച്ചുനാൾ മുൻപ് നാസിക്കിലേക്ക് മാറ്റിയിരുന്നുവെന്നും വൃക്കരോഗത്തിന് ചികിത്സ തേടി വെള്ളിയാഴ്ച വീണ്ടും നാസിക്കിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് കുടുംബം അറിയിച്ചു. എൻസിപി മേധാവി ശരദ് പവാറിന്‍റെ അടുത്ത അനുയായിയായ പാട്ടീൽ സംസ്ഥാന വ്യവസായ, സാംസ്കാരിക, യുവജന, കായിക മന്ത്രിയായി പ്രവർത്തിച്ചിരുന്നു.
കൃഷി, വനം എന്നീ മേഖലകളില്‍ നൽകിയ സംഭാവനകളിലൂടെ പ്രശസ്തനായിരുന്നു അദ്ദേഹം. പ്രശസ്ത മറാത്തി സാഹിത്യകാരൻ 'കുസുമാരാജ്' എന്നറിയപ്പെടുന്ന പരേതനായ വി.വി. ഷിർവാഡ്കർ അദ്ദേഹത്തിനെ 'വനാധിപതി' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. പാട്ടീലിന്‍റെ നിര്യാണത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ദു:ഖം രേഖപ്പെടുത്തി. സംസ്ഥാനത്തിന്‍റെയും കർഷകരുടെയും ക്ഷേമത്തിനായി പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.