മുംബൈ: മഹാരാഷ്ട്രയിലെ മുന്‍ ബി.ജെ.പി നേതാവ് ഏക്‌നാഥ് ഖഡ്‌സെ വെള്ളിയാഴ്ച നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി)യില്‍ ചേര്‍ന്നു. ശരത്പവാറിന്‍റെ സാന്നിധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഭൂമി കയ്യേറ്റ വിഷയവുമായി ബന്ധപ്പെട്ട് 2016ലാണ് ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രസഭയില്‍ നിന്നും ഖഡ്‌സെ പുറത്തായത്. തുടര്‍ന്ന് ബി.ജെ.പിയില്‍ നിന്നും പുറത്താക്കപ്പെട്ടു. അതിനിടെയാണ് ഖഡ്‌സെ എന്‍സിപിയില്‍ ചേരുമെന്ന് ജയന്ത് പാട്ടീല്‍ വ്യക്തമാക്കിയത്.
നിലവില്‍ ശിവസേന സര്‍ക്കാറിന്‍റെ ഭാഗമാണ് എൻ.സി.പി. മഹാരാഷ്ട്ര റവന്യൂ മന്ത്രിയും സംസ്ഥാന നിയമസഭയിലെ മുൻ പ്രതിപക്ഷ നേതാവുമായ ഖഡ്‌സെ എൻസിപി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്. ഫഡ്നവിസ് തന്‍റെ രാഷ്ട്രീയ ജീവിതം തകര്‍ക്കാന്‍ ശ്രമിച്ചതായി ഖഡ്‌സെ ആരോപിച്ചു.
എന്‍.സി.പി പ്രവേശനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേസമയം ഖഡ്‌സെ നടത്തുന്ന ആരോപണങ്ങള്‍ അര്‍ദ്ധ സത്യങ്ങളാണെന്നാണ് ഫഡ്നവിസിന്‍റെ പ്രതികരണം.