ഡല്‍ഹി: മുൻ മന്ത്രിയും ആം ആദ്‌മി നേതാവുമായിരുന്ന കപില്‍ മിശ്ര ഇന്ന് ബിജെപിയില്‍ ചേർന്നു. കപില്‍ മിശ്രയെ ഓഗസ്റ്റ് രണ്ടിന് കൂറുമാറ്റ നിരോധന നിയമപ്രകാരം ഡല്‍ഹി നിയമസഭ അയോഗ്യനാക്കിയിരുന്നു. കപില്‍ മിശ്രക്ക് പുറമേ ആം ആദ്‌മി വനിത വിങ് മേധാവി റിച്ചാ പാണ്ഡെയും ഇന്ന് ബിജെപിയില്‍ ചേർന്നു.
ഇരുവരെയും ബിജെപി ആസ്ഥാനത്ത് വൈസ് പ്രസിഡന്‍റ് ശ്യാം ജാജുവും ഡല്‍ഹി യൂണിറ്റ് പ്രസിഡന്‍റ് മനോജ് തിവാരിയും ചേർന്ന് സ്വീകരിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രചരണം നടത്തിയതിന് ഡല്‍ഹി നിയമസഭ സ്‌പീക്കർ റാം നിവാസ് ഗോയല്‍ ഈ മാസം കപില്‍ മിശ്രയെ അയോഗ്യനാക്കുകയായിരുന്നു. 2017 മേയില്‍ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടർന്ന് കപില്‍ മിശ്ര ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെയുണ്ടായിരുന്നു. തന്നെ അയോഗ്യനാക്കിയതിനെതിരെ കപില്‍ മിശ്ര സമർപ്പിച്ച കേസ് ഡല്‍ഹി ഹൈകോടതിയുടെ പരിഗണനയിലാണ്.