ജമ്മു: ജമ്മു കശ്‌മീര്‍ സന്ദർശനത്തിനെത്തിയ 15 അംഗ വിദേശ പ്രതിനിധികളുടെ സംഘം പണ്ഡിറ്റുകളുടെ പ്രതിനിധികളെ സന്ദർശിച്ചു. ജഗ്‌ദി ടൗൺഷിപ്പിലെ പണ്ഡിറ്റുമാരുമായാണ് കൂടിക്കാഴ്ച നടത്തിയത്. ജമ്മുവിലെ സിവില്‍ സൊസൈറ്റി പ്രതിനിധികളുമായും സാമുദായിക നേതാക്കളുമായും സംഘം കൂടിക്കാഴ്ച നടത്തി.
വ്യാഴാഴ്‌ച ജമ്മു കശ്‌മീരിലെത്തിയ പ്രതിനിധി സംഘം ശ്രീനഗറിലെ രാഷ്ട്രീയ നേതാക്കളെയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരെയും സന്ദർശിച്ചിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ വിലയിരുത്താനാണ് പ്രതിനിധികൾ ജമ്മു കശ്‌മീര്‍ സന്ദർശിക്കുന്നത്. അമേരിക്ക, ദക്ഷിണ കൊറിയ, വിയറ്റ്നാം, ബംഗ്ലാദേശ്, മാലിദ്വീപ്, മൊറോക്കോ, ഫിജി, നോർവേ, ഫിലിപ്പൈൻസ്, അർജന്‍റീന, പെറു, നൈജർ, നൈജീരിയ, ടോഗോ, ഗുയാന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സംഘമാണ് സന്ദർശനത്തിനെത്തിയത്. ജമ്മു കശ്‌മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ച ഓഗസ്റ്റ് അഞ്ചിന് ശേഷം ഇത് രണ്ടാം തവണയാണ് വിദേശ സംഘം ജമ്മുവില്‍ സന്ദർശനം നടത്തുന്നത്. യൂറോപ്യൻ യൂണിയൻ എംപിമാരുടെ ഒരു സംഘവും പ്രദേശം സന്ദർശിച്ചിരുന്നു.