ന്യൂഡൽഹി: പല രാഷ്‌ട്രീയ പാർട്ടികൾക്കും കുടുംബങ്ങളാണ് പാർട്ടിയെന്നും എന്നാൽ ബിജെപിക്ക് പാർട്ടിയാണ് കുടുംബമെന്നും ബിജെപി പ്രസിഡന്‍റ് ജെ പി നദ്ദ. ഉത്തരാഖണ്ഡ് ബിജെപി ഓഫീസ് ശിലാസ്ഥാപന ചടങ്ങിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു നദ്ദ. പാർട്ടി ഓഫീസ് പ്രവർത്തകർക്ക് മൂല്യബോധം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടി ഓഫീസ് നേതാവിന്‍റെ വീട്ടിൽ നിന്നും പ്രവർത്തിക്കുകയാണെങ്കിൽ അത് ആ നേതാവിന്‍റെ മാത്രം പാർട്ടിയാണെന്നും ആ കുടുംബമാണ് പാർട്ടിയാകുന്നതെന്നും ജെ.പി നദ്ദ വിമർശനം ഉന്നയിച്ചു. ബിജെപിക്ക് പാർട്ടിയാണ് കുടുംബമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെയും പ്രാദേശിക പാർട്ടികളെയും വിമർശിക്കുന്നതായിരുന്നു നദ്ദയുടെ പ്രതികരണം. ലോകത്തിലെ തന്നെ വലിയ രാഷ്‌ട്രീയ പാർട്ടിയായ ബിജെപി കുടുംബമായാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.