അമരാവതി: പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായതിനെത്തുടര്‍ന്ന്, മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വസതി മോടി പിടിപ്പിക്കാനുള്ള നീക്കം ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചു. 3.10 കോടി രൂപ ചിലവിട്ട് വീട് പുതുക്കനായിരുന്നു സര്‍ക്കാരിന്‍റെ ശ്രമം. എന്നാല്‍ ജനങ്ങളുടെ നികുതി പണം സര്‍ക്കാര്‍ ധൂര്‍ത്തടിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്‌തമാക്കിയതോടെയാണ് സര്‍ക്കാരിന്‍റെ നടപടി. മുഖ്യമന്ത്രിയുടെ വീട് പുതുക്കാനുള്ള ഉത്തരവ് പിന്‍വലിച്ചതായി സംസ്ഥാന റോഡ് - കെട്ടിട വികസന വകുപ്പ് മന്ത്രി എംടി കൃഷ്‌ണ ബാബു അറിയിച്ചു.
കഴിഞ്ഞ മാസം ജഗന്‍ മോഹന്‍റെ തടേപ്പള്ളിയിലെ വീട്ടിലെ ഫര്‍ച്ചറുകള്‍ മാറ്റുന്നതിനായി സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും 73 ലക്ഷം രൂപ അനുവധിച്ചിരുന്നു. അലുമിനിയം വാതിലുകളും, ജനലുകളും സ്ഥാപിക്കുന്നതിനായി 73 ലക്ഷം രൂപയും, വാര്‍ഷിക അറ്റക്കുറ്റപ്പണികള്‍ക്കായി 1.2 കോടി രൂപയും അനുവദിച്ചിരുന്നു. മൊബൈല്‍ ശുചിമുറികള്‍ സ്ഥാപിക്കാന്‍ 22.50 ലക്ഷം രൂപയും സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും വകമാറ്റിയിരുന്നു. മുഖ്യമന്ത്രിയുടെ ഹൈദരാബാദിലുള്ള വീട്ടിലെ സുരക്ഷാക്രമീകരണങ്ങള്‍ക്ക് മാത്രമായി 24.50 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്.
സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധി രൂക്ഷമായിരിക്കെ മുഖ്യമന്ത്രിയുടെ വീട് മോടിപിടിപ്പിക്കാന്‍ 17 കോടി രൂപ അനാവശ്യമായി ചെലവഴിക്കുകയാണെന്ന ആരോപണവുമായാണ് പ്രതിപക്ഷം രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് നടപടി പിന്‍വലിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചത്. അതേസമയം എന്തുകൊണ്ടാണ് നീക്കം പിന്‍വലിച്ചതെന്നതിന് വ്യക്‌തമായ മറുപടി സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.