ലഖ്നൗ: ഉത്തർപ്രദേശിൽ അഞ്ച് വയസുകാരിയായ ദലിത് പെൺകുട്ടിയെ അമ്മാവൻ ബലാത്സംഗം ചെയ്തു. ഹസ്രത്പൂർ ഗ്രാമത്തിലാണ് സംഭവം. ബലാത്സംഗത്തെത്തുടർന്ന് ഉണ്ടായ രക്തസ്രാവം തടയുന്നതിനായി പ്രതി വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഓയിൽ ഉപയോഗിച്ചതായും ആരോപണം ഉണ്ട്. അവശനിലയിലായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി തന്‍റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയാണ് പീഡനത്തിന് ഇരയാക്കിയത്. അടിവയറ്റിലെ കടുത്ത വേദനയെക്കുറിച്ച് പെൺകുട്ടി പറഞ്ഞതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടയാണ് സംഭവം പുറത്തറിയുന്നത്.
പെൺകുട്ടിയുടെ കുടുംബത്തിന് ഗുണഭോക്തൃ പദ്ധതി പ്രകാരം മൂന്ന് ലക്ഷം രൂപ നൽകിയതായി ജില്ലാ മജിസ്‌ട്രേറ്റ് കുമാർ പ്രശാന്ത് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ ബലാത്സംഗം, പോക്‌സോ ആക്ട് എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. സംഭവത്തിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നും പ്രതിക്കെതിരെ മതിയായ തെളിവുകൾ ശേഖരിച്ചതായും അതിവേഗ കോടതിയിൽ വിചാരണ വേഗത്തിലാക്കുമെന്നും എസ്എസ്പി സങ്കൽപ് ശർമ്മ പറഞ്ഞു.