ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിയ അഞ്ച് പാക് പൗരന്‍മാരെ അട്ടാരി- വാഗ അതിര്‍ത്തി കടത്തി സ്വന്തം നാട്ടിലേക്ക് തിരികെ അയച്ചു. ചൗധരി മുഹമ്മദ് അഷ്ഫാക്ക്, നിഗത് മുഖ്താർ, യാസിർ മുഖ്താർ, മുഹമ്മദ് ഖാലിദ്, ചൗധരി മുഹമ്മദ് ആസിഫ് എന്നിവര്‍ മെഡിക്കല്‍ വിസയിലാണ് ഇന്ത്യയിലെത്തിയത്. യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഡല്‍ഹിയിലും നോയിഡയിലും കുടുങ്ങുകയായിരുന്നു ഇവര്‍.
ആദ്യം കുടുങ്ങിയ നാല് പാകിസ്ഥാൻ പൗരന്മാരെയും തിരികെ അയച്ചിരുന്നു. അതില്‍ 12 വയസുള്ള ഒരാണ്‍കുട്ടിയും അവന്‍റെ മാതാപിതാക്കളും മുത്തച്ഛനും ഉണ്ടായിരുന്നു. അവരെ മാര്‍ച്ച് 20ന് തന്നെ തിരികെ അയക്കുകയായിരുന്നു. കുടുങ്ങിക്കിടക്കുന്ന അവശേഷിക്കുന്ന മറ്റ് പാക് പൗരന്‍മാരെയും വേഗത്തില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കുടുങ്ങിയ പാക് പൗരന്‍മാരുടെ എണ്ണത്തില്‍ കൃത്യമായ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല.