മുംബൈ: മഹാരാഷ്ട്ര സർക്കാർ അർധ-സർക്കാർ സ്ഥാപനങ്ങളിൽ പ്രവൃത്തി ദിവസം ആറിൽ നിന്ന് അഞ്ചായി ചുരുക്കി. ഫെബ്രുവരി 29 മുതലാണ് പുതിയ രീതി നിലവിൽ വരിക. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അധ്യക്ഷനായ സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
എന്നാൽ ജോലി സമയം എട്ടു മണിക്കൂറിൽ നിന്ന് എട്ടേമുക്കാൽ മണിക്കൂറാക്കി മാറ്റിയിട്ടുണ്ട്. സർക്കാർ, അർധ സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ 20 ലക്ഷത്തിലധികം ഉദ്യോഗസ്ഥരാണ് നിലവിൽ ജോലി ചെയ്യുന്നത്. ആറു ദിവസത്തെ ജോലി ഭാരം ജീവനക്കാരുടെ പെരുമാറ്റത്തിലുണ്ടെന്ന് നേരത്തെ വിദഗ്ധർ പഠന റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
അതേസമയം സംസ്ഥാനത്ത് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ഒബിസി, എസ്ഇബിസി, വിജെഎൻടികൾ എന്നിവക്കായുള്ള വകുപ്പിനെ ബഹുജൻ കല്യാൺ വകുപ്പ് എന്ന് പുനർനാമകരണം ചെയ്യാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.