തെലങ്കാന: കൊവിഡ് 19 ബാധിച്ചയാളുടെ നില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി ഇ.രാജേന്ദ്രർ അറിയിച്ചു. ഇയാള്‍ സർക്കാർ ഗാന്ധി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് . തെലങ്കാനയ്ക്ക് പുറമേ ഡൽഹിയിലും ഒരു കേസ് റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബാങ്കോക്കിൽ നിന്നെത്തിയ സാമൂഹിക പ്രവർത്തക സുനിതാ കൃഷ്ണ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് സുനിതാ കൃഷ്ണ പിന്നീട് ട്വീറ്റ് ചെയ്തു.
ബെംഗളൂരുവിൽ ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഒരു മാസം മുമ്പ് ദുബായിൽ ഹോങ്കോങ്ങിൽ നിന്നുള്ള ആളുകളുടെ കൂടെ ജോലി ചെയ്തിരുന്നു. ഇയാള്‍ക്കും വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നുണ്ട്. ഫെബ്രുവരി 20ന് ബെംഗളൂരുവിലെത്തിയ ഇയാൾ പിന്നീട് ബസിൽ ഹൈദരാബാദിലെത്തിയിരുന്നു. ഇയാളും നിരീക്ഷണത്തിലാണ്. ബസില്‍ ഇയാള്‍ക്കൊപ്പം യാത്ര ചെയ്തവരേയും നിരീക്ഷിക്കുന്നുണ്ട്.
മെഡിക്കൽ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം സംഘടിപ്പിക്കാനും വൈറസ് പടരാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കാനും മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിർദേശം നല്‍കി. സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിന്‍റെ ഭാഗമായി പഞ്ചായത്തിരാജ്, മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ, പൊലീസ്, ടൂറിസം, റവന്യൂ, മറ്റ് വകുപ്പുകൾ ചൊവ്വാഴ്ച യോഗം ചേരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.